കോട്ടയം: പാലാ ജനറൽ ആശുപത്രിയിൽ ഇനി ഓക്സിജൻ ക്ഷാമമില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഓക്സിജൻ പ്ലാന്റ് പൂർണമായും പ്രവർത്തനസജ്ജമാകും.ട്രിഡന്റ് കന്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പ്ലാന്റ് കേന്ദ്ര പെതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ എൽ ആൻഡ് ടി എന്ന കന്പനി ഇന്നലെ ആശുപത്രിയിൽ സ്ഥാപിച്ചു.
വൈദ്യുതി തടസമുണ്ടാകുന്പോൾ ഉപയോഗിക്കേണ്ട ജനറേറ്ററിന്റെ കണ്ട്രോൾ പാനൽ ഒരാഴ്ച്ചക്കകം പൂർത്തിയാവുന്നതോടെയാണ് പ്ലാന്റ് സജ്ജമാകുന്നത്.തോമസ് ചാഴികാടൻ എംപിയുടെ നിർദേശപ്രകാരം പിഎം കെയർ ഫണ്ടിൽനിന്നുമാണ് പാല ജനറൽ ആശുപത്രിക്ക് ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്.
പിഎം കെയർ ഫണ്ടിൽനിന്ന് ആദ്യഘട്ടമെന്ന നിലയിൽ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകൾക്കാണു കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്.കോട്ടയം ജില്ലയ്ക്ക് അനുവദിച്ച പ്ലാന്റാണ് എംപിയുടെ നിർദേശപ്രകാരം പാലാ ജനറൽ ആശുപത്രിക്ക് അനുവദിച്ചത്.
തോമസ് ചാഴികാടൻ എംപി പാല ജനറൽ ആശുപത്രിയിൽ എത്തി ഓക്സിജൻ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.എംപിയോടെപ്പം മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞറേക്കര, കൗണ്‍സിലർ ബിജി ജോജോ കുടക്കച്ചിറ, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗമായ റ്റോബിൻ കെ. അലക്സ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, കോവിഡ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡോ. ശബരിനാഥ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.