ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ നിർമിക്കുന്ന ഓക്സിജൻ ജനറേറ്റർ പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം അടുത്ത ആഴ്ച നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ.
അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കുന്ന ഓക്സിജനിൽ നിന്നു നൈട്രജനെ ഒഴിവാക്കി എടുക്കുന്നതാണ് പ്രവർത്ത രീതി. ഒരു മിനിറ്റിൽ ശരാശരി 2,000 ലിറ്റർ ഓക്സിജൻ ലഭിക്കും ഇത് 400 സിലിണ്ടറുകളിൽ നിറയ്ക്കാൻ കഴിയും.
ഇതു മൂലം ആശുപത്രിയിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെടും. 2.75 കോടി രൂപയാണ് നാല് പ്ലാന്റുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും ചെലവ്. പ്ലാന്റ് പ്രവർത്തിപ്പിക്കുന്ന കെട്ടിട നിർമാണത്തിനും ഇതര നിർമാണ പ്രവർത്തിനുമായി 60 ലക്ഷം രൂപയും ചെലവഴിച്ചതായി അധികൃതർ അറിയിച്ചു.
നിലവിൽ സെട്രൽ ലാബിന് സമീപം പ്രവർത്തിക്കുന്ന പ്ലാന്റിലേക്ക് ഓക്സിജൻ കൊണ്ടുവന്ന് നിറയ്ക്കുന്നതാണ് രീതി. തുടർന്ന് ഈ പ്ലാന്റിൽ നിന്ന് പൈപ്പ് വഴി വിവിധ ശസ്ത്രക്രിയാ തിയറ്ററുകളിലേക്ക് ഓക്സിജൻ എത്തിക്കും.
ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് ഈ പ്ലാന്റിൽ ഓക്സിജൻ നിറച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ് സമയത്ത് ഓക്സിജൻ നിറച്ചു വന്ന വാഹനം(ടാങ്കർ ലോറി ) യഥാസമയം എത്താൻ വൈകി. തുടർന്ന് ഓക്സിജൻ ക്ഷാമം നേരിട്ടു.
ആശുപത്രി അധികൃതർ മുഖേന വിവരം അറിഞ്ഞ ജില്ലാ കളക്ടർ സ്വകാര്യ ഏജൻസികളുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന ഓക്സിജൻ സിലണ്ടറുകൾ പിടിച്ചെടുത്ത് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
ഈ സംഭവമാണ് അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ ഉണ്ടാക്കുന്നതിനുള്ള പ്രോജക്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തത്.
കോട്ടയം കൂടാതെ തിരുവനന്തപുരം, കണ്ണൂർ പരിയാരം, കളമശേരി, കോഴിക്കോട് എന്നീ മെഡിക്കൽ കോളജുകളിലും പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുകയാണ്.
കേരളത്തിലെ മെഡിക്കൽ കോളജുകളിൽ അന്തരീരക്ഷത്തിൽ നിന്ന് ഓക്സിജൻ ഉണ്ടാക്കുന്ന പ്ലാൻറുകൾ ഉദ്ഘാടനം ചെയ്യപ്പെടുന്ന തോടെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെടും. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് പ്ലാന്റിന്റെ നിർമാണം അതിവേഗത്തിലാക്കിയതെന്നും അധികൃതർ പറഞ്ഞു.