കോട്ടയം: കോട്ടയം തിരുനക്കര ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണം നടത്തിയത് ബിഹാർ, നേപ്പാൾ സ്വദേശികൾ ഉൾപ്പെടുന്ന പ്രഫഷണൽ സംഘമാണെന്ന് പോലീസിനു സൂചന ലഭിച്ചു. കേസന്വേഷണത്തിനായി വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. 2017ൽ സമാനമായ രീതിയിൽ തിരുവനന്തപുരത്തുള്ള ഒരു കടയിലും മോഷണം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ടു ബിഹാർ സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് കവർച്ച നടത്തിയ രീതിയിൽ തന്നെയാണ് കോട്ടയത്ത് ഓക്സിജനിലും മോഷണം നടത്തിയിരിക്കുന്നത്.
സാധാരണയായി 10 പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തുന്നതിനായി കേരളത്തിൽ എത്തുന്നത്. കുറഞ്ഞതു മൂന്നു ജില്ലകളിൽ മോഷണം നടത്തിയശേഷമായിരിക്കും സംഘം തിരികെ മടങ്ങുക. മോഷണത്തിലുടെ ലഭിക്കുന്ന മൊബൈൽ ഫോണ് ഉൾപ്പെടെയുള്ളവ നേപ്പാളിൽ എത്തിച്ചാണു വില്പന നടത്തുന്നതെന്നും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ എന്നീ ജില്ലകളിലും സമാനമായ രീതിയിൽ മോഷണം നടക്കാൻ സാധ്യതയുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ പുലർച്ചെ 4.30നാണു ഓക്സിജൻ ഡിജിറ്റൽ ഷോറൂമിൽ മോഷണം നടന്നത്. അഞ്ചു ലക്ഷം രൂപ വില വരുന്ന 84 മൊബൈൽ ഫോണുകളും, 17,900 രൂപയുമാണ് നഷ്്ടപ്പെട്ടത്. മോഷണം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും മോഷണം നടത്തിയ ആൾ മുഖം മറിച്ചിരിക്കുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിന്റെ രൂപം മനസിലാക്കിയാണ് ഇതര സംസ്ഥാനക്കാരാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.
രണ്ടു പേർ ചേർന്ന് ഷട്ടർ ഉയർത്തിയശേഷം മധ്യഭാഗത്തെ വിടവിലൂടെ മോഷ്ടാവ് അകത്ത് കയറി മൊബൈൽ ഫോണുകൾ കവരുകയായിരുന്നു. പുലർച്ചെ 4.30നു ഷട്ടറിന്റെ മധ്യഭാഗം അകത്തിയ ശേഷം ഈ വിടവിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയത്. ഈ സമയം സഹായികളായ രണ്ടു പേർ പുറത്തുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. തുടർന്ന് അരമണിക്കൂറോളം സ്ഥാപനത്തിനുള്ളിൽ ഇരുന്ന മോഷ്ടാവ് റാക്കിൽനിന്നും മൊബൈൽ ഫോണുകൾ തറയിലിട്ട് കവർ പൊട്ടിച്ച് കയ്യിലുണ്ടായിരുന്ന സഞ്ചിയിലാക്കി.
തുടർന്ന് 4.30നു സ്ഥാപനത്തിനുള്ളിൽനിന്നും ഷട്ടറിന്റെ വിടവിലൂടെ തന്നെ പുറത്തിറങ്ങുന്നതും സിസിടിവി കാമറ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഷോറൂമിനു പുറത്ത് റോഡിലെ ദൃശ്യങ്ങൾ വ്യക്തമാകുന്ന രീതിയിൽ കാമറ സ്ഥാപിച്ചിരുന്നു. മോഷണത്തിന് മുന്പു ഈ കാമറ കന്പ് ഉപയോഗിച്ച് പ്രതികൾ അടിച്ചു വീഴ്ത്തി. ഇതിനാൽ ഈ കാമറയിലെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ഷോപ്പിന്റെ ഷട്ടറിന്റെ മധ്യഭാഗം പൂട്ടി ബലപ്പെടുത്താതിരുന്നതാണ് മോഷ്ടാക്കൾക്ക് ഗുണമായത്. ഈ ഭാഗം അകത്തിയശേഷം പ്രതികൾ ഉള്ളിൽ പ്രവേശിക്കുകയായിരുന്നു.
ഷട്ടറിനുള്ളിലെ ചില്ലു വാതിലിനു പൂട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഷട്ടർ തുറന്നുനേരെ ഉള്ളിലേക്കു പ്രവേശിക്കാനും പ്രതികൾക്ക് സാധിച്ചു. പോലീസ് ശാസ്ത്രീയ പരിശോധനാ സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി. കടയുടെ മുന്നിലെ കാമറ തകർക്കാൻ പ്രതികൾ ഉപയോഗിച്ച വടിയിൽ നിന്നും, മൊബൈൽ ഫോണുകളുടെ കവറിൽനിന്നും പ്രതികളുടേതെന്ന് സംശയിക്കുന്നവരുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, എസ്ഐമാരായ ടി. ശ്രീജിത്ത്, അനിൽ എഎസ്ഐ കുര്യൻ മാത്യു, മനോജ്, ബൈജു, ഡിവൈഎസ്പി ഓഫീസിലെ അരുണ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
മോഷണം വ്യക്തമായ ആസൂത്രണത്തോടെയെന്ന് പോലീസ്
കോട്ടയം: ഓക്സിജൻ ഡിജിറ്റൽ ഷോപ്പിലെ മോഷണം വ്യക്തമായ ആസൂത്രണത്തോടെയെന്ന് പോലീസ്. ഏതാണ്ട് എല്ലാ സമയത്തും പോലീസിന്റെ സാന്നിധ്യമുള്ള സ്ഥലത്താണ് ഓക്സിജൻ ഷോറൂമും പ്രവർത്തിക്കുന്നത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമാണ് പ്രഫഷണൽ സംഘം മോഷണത്തിനു പുലർച്ചെയുള്ള സമയം തെരഞ്ഞെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ കടയുടെ സമീപത്തുള്ള മറ്റു സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ഒരു മാസത്തെ ദൃശ്യങ്ങളാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്.
മോഷണം നടത്തിയിരിക്കുന്ന സമയവും രീതിയും കണക്കിലെടുത്താണ് ബിഹാർ, നേപ്പാൾ സ്വദേശികളുടെ പ്രഫഷണൽ മോഷണ സംഘമാണെന്ന് പോലീസ് ഉറപ്പിച്ചത്. പുലർച്ചെ മുതൽ ധാരാളം ആളുകൾ സഞ്ചരിച്ചിരിക്കുന്ന ഇവിടെ സാഹസികമായിട്ടാണു മോഷണം നടത്തിയിരിക്കുന്നത്. ഒന്നിലധികം പേരുള്ള സംഘത്തിൽ നിന്നും ഒരാൾ മാത്രമാണ് കടയ്ക്കുള്ളിൽ പ്രവേശിച്ചിരിക്കുന്നത്.
മറ്റുള്ളവർ കടയ്ക്കു പുറത്തു കാവൽ നില്ക്കുകയായിരുന്നു. കടയ്ക്കുള്ളിൽ പ്രവേശിച്ച മോഷ്്ടാവ് സാവധാനത്തിലാണു ഫോണുകൾ മോഷ്്ടിച്ചെടുക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷോറൂമിന്റെ ഷട്ടറിനു പിന്നിലുള്ള ചില്ലുവാതിലിനു പൂട്ടില്ലെന്ന് കൃത്യമായ നിരീക്ഷണത്തിലുടെ മനസിലാക്കിയശേഷമാണ് മോഷ്്ടാക്കൾ എത്തിയതെന്നും പോലീസ് പറയുന്നു.