കൊച്ചി: കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറായ യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൊലയ്ക്കു കാരണം യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന പ്രതിയുടെ സംശയമാണെന്ന് പോലീസ്.
ചങ്ങനാശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ(26) ആണ് കഴുത്തിന് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് തലയാട് തോട്ടത്തില്‍വീട്ടില്‍ നൗഷിദി(30) നെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന ഇയാള്‍ ഇന്നലെ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പ്രതിയെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ നൗഷിദ് ജോലി ചെയ്യുന്ന ഓയോ ഹോട്ടലില്‍ ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. ലാബ് അറ്റന്‍ഡറായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടലിലേക്ക് ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു.
2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലായി. കുറച്ചുകാലം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. ഇരുവരും പലപ്പോഴും വഴക്കിലേര്‍പ്പെടുമായിരുന്നു.
രേഷ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന നൗഷിദിന്റെ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇതിനെക്കുറിച്ചു പോലീസ് പ്രതിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണ്.
അതേസമയം, തന്റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവച്ച് കളിയാക്കിയതും വൈരാഗ്യത്തിന് ഇടയാക്കിയെന്നു പ്രതി പോലീസിനോടു പറഞ്ഞു.
ഇന്നലെ ഹോട്ടലില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു നൗഷിദ് കത്തിയെടുത്ത് രേഷ്മയുടെ കഴുത്തിലും ദേഹമാസകലവും കുത്തുകയായിരുന്നു.
വലതുകഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ മരണകാരണം. ചോര വാര്‍ന്നായിരുന്നു മരണം. ഓയോ ഹോട്ടലിലെ മറ്റൊരു ജീവനക്കാരന് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി നൗഷിദിനെ കസറ്റഡിയിലെടുത്തു.
രേഷ്മയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നൗഷിദ് ഏതാനും വര്‍ഷങ്ങളായി ഇവിടെയാണ് ജോലി ചെയ്യുന്നത്.
രേഷ്മയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐമാരായ എന്‍. ആഷിക്, ആര്. ദര്‍ശക്, സിപിഒമാരായ ലിബിന്, ഉണ്ണികൃഷ്ണന്, റിനു, ശ്രീജു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.