കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക തെളിവുകൾ എല്ലാം ലഭിച്ചുവെന്ന് അന്വേഷണ സംഘം. പ്രതികളുടെ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ നിന്നും പോളച്ചിറയിലെ ഫാം ഹൗസിൽ നിന്നുമാണ് സുപ്രധാന തെളിവുകൾ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്.
കുട്ടിയുടെ കത്തിച്ച ബാഗിന്റെയും നോട്ട്ബുക്കിന്റെയും അവശിഷ്ടങ്ങൾ, പെൻസിൽ ബോക്സ് എന്നിവയടക്കം കണ്ടെടുത്തിട്ടുണ്ട്. ഇനി ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭ്യമാകേണ്ടതുണ്ട്. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറിൽ നിന്നും ഫോറൻസിക് വിഭാഗം ചില വിലപ്പെട്ട തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഇതു കൂടാതെ ചാത്തന്നൂരിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൽ കുട്ടിയുടെ വിരലടയാളം കൂടി ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. അത് ലഭിക്കുകയാണങ്കിൽ അന്വേഷണത്തിന് കൂടുതൽ ഗുണകരമാകും. തട്ടിക്കൊണ്ട് പോകാൻ വെള്ള സ്വിഫ്റ്റ് ഡിസയർ കാറിൽ ഘടിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ മറ്റൊരു വലിയ ദൗത്യം.
തെങ്കാശിയിലേക്ക് നീല കാറിൽ പോകവേ നമ്പർ പ്ലേറ്റുകൾ ആറ്റിൽ ഒഴുക്കി എന്നാണ് പദ്മകുമാർ നൽകിയ മൊഴി.
ഈ നമ്പർ പ്ലേറ്റുകൾ കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും മധ്യേ വനമേഖലയിലെ റോഡരുകിൽ നുറുക്കി കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ ഇന്നലെ വൈകുന്നേരം ഉദ്യോഗസ്ഥർ കണ്ടെത്തി.
പദ്മകുമാർ തന്നെയാണ് ഇവ കട്ടർ ഉപയോഗിച്ച് മുറിച്ച് ചെറിയ കഷണങ്ങളാക്കിയതെന്നും ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു. പ്രതികൾ മൂന്നുപേരെയും ഇന്നലെ രാത്രി തമിഴ് നാട്ടിലെ തെങ്കാശി, പുളിയറ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം അന്വേഷണ സംഘം ഇന്ന് പുലർച്ചെയോടെയാണ് തിരികെ എത്തിയത്. തെളിവെടുപ്പിന് സമാന്തരമായി ചോദ്യം ചെയ്യലും തുടരുന്നു.
പ്രതികളെ കൊല്ലം നഗരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുക എന്നതാണ് ഇനി അവശേഷിക്കുന്നത്. പ്രതികൾ നീല കാറിൽ കുട്ടിയുമായി എത്തിയ ആശ്രാമം ലിങ്ക് റോഡ്, പിന്നീട് അനിതകുമാരി ഓട്ടോയിൽ ആശ്രാമം മൈതാനത്ത് എത്തി കുട്ടിയെ ഉപേക്ഷിച്ച സ്ഥലം, തുടർന്ന് പദ്മകുമാറും ഭാര്യയും എത്തിയ ചിന്നക്കടയിലെ ഷോപ്പിംഗ് കോംപ്ലക്സ് എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും തെളിവെടുപ്പ് നടക്കുക. സാക്ഷി മൊഴികളും വിശദമായി രേഖപ്പെടുത്തേണ്ടതുണ്ട്.
കൊല്ലത്തെ തെളിവെടുപ്പ് ഇന്നോ നാളെയോ നടത്തുമെന്നാണ് കരുതുന്നത്. അതോടെ അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും. തട്ടിക്കൊണ്ട് പോകലിന് മറ്റാരുടെയും സഹായം ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെയും വിലയിരുത്തൽ. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിലും പ്രതികൾ ഈ മോഴിയിൽ തന്നെ ഉറച്ച് നിൽക്കുകയുമാണ്. അതുകൊണ്ട് തന്നെ മൂന്നുപേർ മാത്രമാണ് പ്രതികളെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പദ്മകുമാറിന് അയാൾ പറയുന്ന അഞ്ച് കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടെനാണ് പ്രാഥമിക വിവര ശേഖരണത്തിൽ അറിയാൻ കഴിഞ്ഞത് എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. കുടുംബത്തിന്റെ അമിതമായ ധൂർത്താണ് സാമ്പത്തിക ബാധ്യത വരുത്തിവച്ചത്. ചിലരിൽ നിന്ന് വൻതുക കടമായി വാങ്ങിയിരുന്നത് അനിത കുമാരിയാണെന്നും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
എസ്.സുധീർ കുമാർ