കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പ്രതികൾ ചാത്തന്നൂർ സ്വദേശികളാണ്. കുട്ടിയെ കൊല്ലം ആശ്രാമം മെെതാനത്ത് ഉപേക്ഷിച്ച ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു ഇവർ. തമിഴ്നാട് പുളിയറയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കത്തിലാണ് പ്രതികൾ കുട്ടിയെ തട്ടികൊണ്ടു പോയത്.
പോലീസ് പുറത്തു വിട്ട രേഖാ ചിത്രത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു. എന്നാൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഇപ്പോൾ പിടിയിലായത്.
പ്രതികൾ സഞ്ചരിച്ചു എന്നു കരുതുന്ന ഓട്ടോ ഇന്നു രാവിലെ പിടിയിലെടുത്തിരുന്നു. ഓട്ടോ ഡ്രെെവറുടെ മൊഴിയിൽ നിന്നാകാം പോലീസ് പ്രതികളിലേക്ക് എത്തിയത്. പ്രതികൾ ഒരു കുടുംബത്തിലുള്ളവർ. ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലായ പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ കുട്ടിയ്ക്ക് കാര്‍ട്ടൂണ്‍ കാണിക്കുന്നതിനായി നല്കിയ ലാപ്ടോപ്പ് ഐ പി അഡ്രസ് റിക്കവര്‍ ചെയ്യാൻ പോലീസിനു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് സൂചന.