തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ നിന്ന് 6 വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് ഊർജിതമായി അന്വേഷിക്കുകയാണെന്നും സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ഇന്നലെ വൈകുന്നേരമാണ് ഓയൂർ കാറ്റാടിമുക്ക് ഓട്ടുമൂല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ സാറാ റെജിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കണ്ടെത്താൻ തീവ്രശ്രമമാണ് പോലീസ് നടത്തുന്നത്.
സംഭവം നടന്ന് 18 മണിക്കൂറിലേറെ കഴിഞ്ഞിട്ടും തട്ടിക്കൊണ്ട് പോകലിന് പിന്നിലുള്ളവരെക്കുറിച്ചും സംഘം ഉപയോഗിച്ച കാർ എവിടെയെന്നതിനെക്കുറിച്ചും വ്യക്തമല്ല. കാറിൽ നിന്ന് പിന്നീട് കുട്ടിയെ ഓട്ടോ റിക്ഷയിലേയ്ക്ക് മാറ്റിയതാണ് പോലീസിന്റെ നിഗമനം. ഈ ഓട്ടോറിക്ഷയുടെ വിവരങ്ങളും ലഭ്യമല്ല.
സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തുണ്ടെങ്കിലും സംഘം കൊല്ലം ജില്ലയിൽ നിന്ന് വിട്ടു പോകാൻ സാധ്യതയില്ല എന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥർ പങ്കു വയ്ക്കുന്നത്.
ജില്ലയിൽ വൻ പോലീസ് സംഘത്തെയാണ് വിന്യസിച്ചിട്ടുള്ളത്. സംശയമുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നുണ്ട്. സംഘത്തിന്റെ ഒളിത്താവളം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെല്ലാം അരിച്ചു പെറുക്കിയാണ് പരിശോധനകൾ നടക്കുന്നത്.