കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിച്ച റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന് സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി ട്രാഫിക്കിലേക്കാണ് സ്ഥലംമാറ്റിയിട്ടുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്വാഭാവിക സ്ഥലംമാറ്റമാണിതെന്നും കേസിന്റെ കുറ്റപത്ര സമർപ്പണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.
കുറ്റപത്ര സമർപ്പണവുമായി ബന്ധപ്പെട്ട നടപടികൾ കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ത്വരിത ഗതിയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത ഫോറൻസിക് ലാബിൽ നിന്ന് ഏതാനും പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കേണ്ടതുണ്ട്. അവ കിട്ടിക്കഴിഞ്ഞാൽ അടുത്ത ആഴ്ചത്തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എം.എം. ജോസ് പറഞ്ഞു.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയോഗിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഈ രംഗത്ത് കഴിവ് തെളിയിച്ചവരിൽ ആരെയെങ്കിലും ചുമതല ഏൽപ്പിക്കാനാണ് ആലോചന. കുറ്റപത്ര സമർപ്പണത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത.
കുറ്റപത്രം തയാറാക്കൽ ഏറെക്കുറെ പൂർത്തിയായതായും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാ രാജിൽ കെ.ആർ.പദ്മകുമാർ (51), ഭാര്യ എം.ആർ. അനിതാ കുമാരി (39), മകൾ പി. അനുപമ (21) എന്നിവർ മാത്രമാണ് കുറ്റപത്രത്തിൽ പ്രതിസ്ഥാനത്തുള്ളത്.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ബാഹ്യമായ ഒരു പിന്തുണയും ആരുടെ ഭാഗത്തുനിന്നും ഇവർക്ക് ലഭിച്ചിട്ടില്ലെന്നുതന്നെയാണ് ക്രൈംബ്രാഞ്ച് നിഗമനം.
2023 നവംബർ 27ന് വൈകുന്നേരം 4.45 നാണ് ഓയൂർ ഓട്ടുമലയിലെ വീട്ടിന് സമീപത്തുനിന്ന് കുട്ടിയെ കാറിലെത്തിയ പ്രതികൾ തട്ടിക്കൊണ്ട് പോയത്. വിട്ടുകിട്ടാൻ പത്ത് ലക്ഷം രൂപ നൽകണമെന്ന് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് പ്രതികൾ ആവശ്യപ്പെട്ടതായാണ് കേസ്. ഇതിനായി കുട്ടിയെ തടവിൽ പാർപ്പിച്ചു എന്നതാണ് പ്രധാന കുറ്റം.
ആറു വയസുകാരിയുടെ സഹോദരനാണ് കേസിലെ പ്രധാന ദൃക്സാക്ഷി. കുറ്റപത്രത്തിലെ സാക്ഷി പട്ടികയിൽ നൂറിലധികം പേരെയും അന്വേഷണ സംഘം ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ എല്ലാം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ലാപ് ടോപ്പ് എന്നിവയിലെ ഉള്ളടക്കങ്ങൾ, പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പും ശേഷവും കാറിൽ സഞ്ചരിച്ചതിന്റെ സിസിടിവി കാമറാ ദൃശ്യങ്ങൾ, ഇവർ കാർ യാത്രയിൽ ഉപയോഗിച്ച വാജ നമ്പർ പ്ലേറ്റുകൾ അടക്കമുള്ള നിർണായക തെളിവുകൾ എല്ലാം കുറ്റപത്രത്തിന്റെ ഭാഗമായി കൊട്ടാരക്കര ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
പൂയപ്പള്ളി പോലീസ് ആണ് കേസ് ആദ്യം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പിന്നീട് റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്യത്തിലുള്ള 13 അംഗ സംഘമാണ് തുടരന്വേഷണം നടത്തി കുറ്റപത്രം തയാറാക്കിയത്.
ക്രൈംബ്രാഞ്ച് സംഘത്തിന്റെ കൈവശം കേസുമായി ബന്ധപ്പെട്ട എല്ലാ നിർണായക തെളിവുകളും ഉണ്ട്. തട്ടിക്കൊണ്ട് പോയ ശേഷം പ്രതികൾ കുട്ടിയുമായി കാറിൽ സഞ്ചരിക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണ സംഘം തെളിവായി ശേഖരിച്ചിട്ടുണ്ട്. പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിൽ കുട്ടിയെ പാർപ്പിച്ചതിന്റെ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്.
പ്രതികളുടെ സംഭാഷണ ശകലങ്ങൾ, കൈയക്ഷരം എന്നിവയും ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള വിലപ്പെട്ട തെളിവുകളാണ്.സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ കേസിൽ വിചാരണ പൂർത്തിയാകും വരെ ഇവർ റിമാൻഡിൽ കഴിയേണ്ടി വരും.
കൃത്യം നടന്നത് രണ്ട് മാസം ആകാറായിട്ടും പ്രതികൾ ഇതുവരെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുമില്ല. പ്രതികൾക്ക് വേണ്ടി സുപ്രീം കോടതി അഭിഭാഷകനായിരിക്കും കോടതിയിൽ ഹാജരാകുക.
എസ്.ആർ. സുധീർ കുമാർ