പത്തനംതിട്ട: സമാനതകളില്ലാത്ത ഒരു കാലഘട്ടത്തില് പത്തനംതിട്ടയെ കൈപിടിച്ചു നടത്തിയ കളക്ടര് ബ്രോ ഇനി സംസ്ഥാന സഹകരണ രജിസ്ട്രാര്. രണ്ടു വര്ഷവും ഏഴുമാസവും നീണ്ടുനിന്ന സേവനത്തിനൊടുവില് പത്തനംതിട്ട ജില്ലാ കളക്ടര് പി.ബി. നൂഹ് അടുത്തയാഴ്ച കളക്ടറേറ്റിന്റെ പടിയിറങ്ങും
ഒപ്പം നിന്ന് സോഷ്യൽ മീഡിയ
തിരക്കൊഴിഞ്ഞ ഒരു ജില്ലയാണ് പത്തനംതിട്ടയെന്നും ഇവിടെ പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ലെന്നുമൊക്കെയാണ് 2018ല് പി.ബി. നൂഹ് പത്തനംതിട്ടയില് ചുമതലയേല്ക്കുമ്പോള് മനസിലുണ്ടായിരുന്ന ചിന്ത.
എന്നാല് ഇന്ന് പത്തനംതിട്ടയില് നിന്നു യാത്ര പറയുമ്പോള് ഈ ജില്ല ഏറെ സമ്പുഷ്ടമെന്ന് നൂഹ് പറയും. യുവത്വത്തെ ഒപ്പം നിര്ത്തി സോഷ്യല് മീഡിയയെ കൂട്ടുപിടിച്ചു മുന്നേറിയ കളക്ടര് പടിയിറങ്ങുമ്പോള് അതിന്റെ സങ്കടം ഏറ്റവുമധികം പങ്കുവയ്ക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ.
പ്രതിസന്ധികളിൽ നായകനായി
ജില്ലാ കളക്ടറെന്ന ചുമതലയിലെ ആദ്യത്തെ ഒരു മാസം പിന്നിട്ടപ്പോള് തന്നെ പ്രതിസന്ധികള് മാലപ്പടക്കം പോലെ നൂഹിനു മുമ്പിലേക്കു കടന്നുവന്നു.
2018 ജൂലൈയില് ആരംഭിച്ച പ്രളയകാലഘട്ടം, ഓഗസ്റ്റ് 15നാരംഭിച്ച മഹാപ്രളയം, ദുരിതാശ്വാസം, പുനരധിവാസം ഇതിനൊപ്പം ആ വര്ഷം തന്നെ ഒക്ടോബര് മുതല് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഉത്തരവിനേ തുടര്ന്നുണ്ടായ സംഘര്ഷാത്മക അന്തരീക്ഷം, 2019ലെ പ്രളയം തുടങ്ങി കളക്ടര്ക്കു മുമ്പില് സമാനതകളില്ലാത്ത കാലഘട്ടമായിരുന്നു.
ജില്ലയില് ഏറ്റവും കൂടുതല് കാലം കളക്ടറായി സേവനം അനുഷ്ഠിച്ച് പടിയിറങ്ങുമ്പോള് ഏറ്റെടുത്ത ജോലികള് എല്ലാം പുതുമ നിറഞ്ഞതുമായിരുന്നു. ഇന്നിപ്പോള് എല്ലാറ്റിനും ഒരു ശൈലി അദ്ദേഹം തന്നെ കൈവരിച്ചു നല്കി.
കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ടത്തിന് തുടക്കമാകുന്നത് 2020 മാര്ച്ച് എട്ടിനാണ്. അതും പത്തനംതിട്ട ജില്ലയില് തന്നെയായപ്പോള് ഈ കളക്ടര്ക്കു നേരിടേണ്ടിവന്ന വെല്ലുവിളികള് ഏറെയായി.
ബ്രേക്ക് ദി ചെയ്ന് കാമ്പെയ്നു തുടക്കം കുറിച്ച് പത്തനംതിട്ട കാട്ടിയ പ്രതിരോധം പിന്നീട് സംസ്ഥാനത്തിനു മാതൃകയായി. ജില്ലയില് നിര്മാണത്തിലിരുന്ന സര്ക്കാര് മെഡിക്കല് കോളജ് സമയബന്ധിതമായി പൂര്ത്തീകരിക്കണമെന്ന സര്ക്കാര് ലക്ഷ്യത്തിന്റെ പൂര്ത്തീകരണത്തിനും ഒപ്പം നിന്നത് ഈ കളക്ടര് തന്നെ.
സഹോദരൻ മമതയുടെ സെക്രട്ടറി
മൂവാറ്റുപുഴ സ്വദേശിയായ ഈ കളക്ടറുടെ കുടുംബത്തില് മറ്റൊരു ഐഎഎസുകാരന് കൂടിയുണ്ട്. പി.ബി. സലിം. പശ്ചിമബംഗാള് മുഖ്യമന്ത്രി മമത ബാനര്ജിയുടെ സെക്രട്ടറിയാണ് അദ്ദേഹം ഇപ്പോള്. അട്ടപ്പാടി നോഡല് ഓഫീസറായി തുടങ്ങിയ സേവനത്തിനിടെയിലെ കളക്ടര് ഉദ്യോഗം ശരിക്കും ആസ്വദിച്ചു തന്നെയാണ് പി.ബി. നൂഹ് പടിയിറങ്ങുന്നത്.