തൃശൂർ: രാമായണത്തിലെ സീതാ രാമലക്ഷ്മണന്മാർക്കെതിരേ വിവാദ പരാമർശത്തോടെ ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഐ നേതാവ് പി. ബാലചന്ദ്രൻ എംഎൽഎക്കെതിരേ നടപടി ഉറപ്പായി. അതേസമയം, എംഎൽഎക്കെതിരെ എന്തു നടപടി വേണമെന്നതിനെക്കുറിച്ച് സിപിഐക്കുള്ളിൽ ഭിന്നാഭിപ്രായം ഉടലെടുത്തിട്ടുണ്ട്.
31ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകുന്ന എംഎൽഎയെ പതിവ് കമ്യൂണിസ്റ്റ് ചിട്ടവട്ടംപോലെ ശാസന മാത്രംനൽകി പ്രശ്നം ഒതുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്പോൾ പാർട്ടിക്കു പൊതുസമൂഹ അവമതിയുണ്ടാക്കിയ ബാലചന്ദ്രനെതിരേ കടുത്ത നടപടി വേണമെന്നു മറ്റൊരുവിഭാഗം ആവശ്യപ്പെടുന്നു.
എന്തു വലിയ കുറ്റം ചെയ്താലും എല്ലാം ശാസനയിൽ ഒതുക്കുന്ന സിപിഎമ്മിന്റെ നയം സിപിഐക്ക് ചേർന്നതല്ല എന്ന അഭിപ്രായമാണ് മറ്റൊന്ന്. തെറ്റുചെയ്തവർ മുഖം നോക്കാതെ ശിക്ഷിക്കപ്പെടണമെന്ന നിലപാട് ഉയർത്തിപ്പിടിക്കേണ്ട സമയമാണിതെന്നും ചില നേതാക്കൾ ഓർമിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ 31ന് ചേരുന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം ബാലചന്ദ്രന് നിർണായകമാകും. എംഎൽഎക്കെതിരേ നടപടി എടുത്താലും ഇല്ലെങ്കിലും അത് സിപിഐക്ക് ദോഷമാകും എന്ന അവസ്ഥയാണ് ഇപ്പോൾ. നടപടിയെടുത്താൽ അത് ബിജെപി പോലീസിൽ നൽകിയ പരാതിക്ക് ശക്തിപകരുമെന്ന ആശങ്കയും ചിലർക്കുണ്ട്.
അതുകൊണ്ടാണ് ശാസനയിൽ എല്ലാം ഒതുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സിപിഐയുടെ സീറ്റായ തൃശൂരിൽ ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്ന പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ബാലചന്ദ്രനെതിരേ നടപടിയെടുത്തേ മതിയാകൂ എന്നും അഭിപ്രായമുണ്ട്.
മന്ത്രി കെ. രാജനും ബാലചന്ദ്രനെതിരേ പരസ്യ വിമർശനം ഉയർത്തിയതോടെ നടപടിക്ക് സാധ്യത ഏറിയിരിക്കുകയാണ്. ബാലചന്ദ്രൻ ചെയ്തത് കമ്യൂണിസ്റ്റ് നേതാവ് ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണെന്നും അദ്ദേഹത്തിനു ജാഗ്രതക്കുറവുണ്ടായെന്നും മന്ത്രി രാജൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.ഇത്രനാൾ കാത്തുസൂക്ഷിച്ച ക്ലീൻ ഇമേജ് ഉള്ള സിപിഐയുടെ മുഖത്തേറ്റ അടിയാണ് ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് പാർട്ടിയിലെ പൊതുവേയുള്ള വിലയിരുത്തൽ.