പയ്യന്നൂര്‍: കോടികളുടെ ആസ് തിയുള്ള തിരുവനന്തപുരത്തെ മുന്‍ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന തളിപ്പറമ്പ് തൃച്ചംബരത്തെ പി. ബാലകൃഷ് ണന്റെ (80) സ്വത്ത് വ്യാജ രേഖകളുപയോഗിച്ച് തട്ടിയെടുത്തെന്ന കേസ് എങ്ങുമെത്തിയില്ല.
കേസിൽ മൂന്ന് വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 2017 ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായാണ് സൂചന.
അതേസമയം ഈ കേസില്‍ സര്‍ക്കാരുദ്യോഗസ്ഥരായ ചിലരെ പ്രതികളാക്കുന്നതിനുള്ള നിയമോപദേശം ലഭിക്കുന്നതിലുള്ള കാലതാമസമാണ് കുറ്റപത്ര സമര്‍പ്പണത്തിനും തുടര്‍നടപടികളും വൈകാൻ കാരണമാകുന്നതെന്നാണ് ഒരു വർഷത്തിലേറെയായി പോലീസ് നൽകുന്ന വിശദീകരണം.
തളിപ്പറന്പ് സ്വദേശിയും തിരുവനന്തപുരം പേട്ടയിലെ വലിയ വീട് ലൈനിൽ താമസിച്ചു വരികയുമായിരുന്ന തളിപ്പറന്പ് തൃച്ചംബരത്തെ പരേതനായ കുഞ്ഞന്പു നായരുടെ മകൻ ബാലകൃഷ്ണന്റെ മരണത്തിലും തുടർന്ന്
ഇദ്ദേഹത്തിന്റെ സ്വത്തുക്കൾ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്തതും വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. ബാലകൃഷ്ണന്റെ മരണശേഷം പരേതന്റെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്ത് വകകള്‍ക്ക് പുതിയ അവകാശികള്‍ രംഗത്തെത്തിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി
രൂപീകരിച്ച് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശ പ്രകാരം കേസെടുത്ത പോലീസിന്റെ അന്വേഷണത്തിലാണ് ബാലകൃഷ്ണന്റെ മരണത്തിന് പിന്നിലെ ദുരൂഹതകൾ പുറത്തു വന്നത്.
സർക്കാർ ഉദ്യോഗസ്ഥരും പ്രതികൾ
സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ സിഐയായിരുന്ന എം.പി.ആസാദും ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച അന്വേഷണം തൃശൂർ റൂറല്‍ എസ്പിയുടെ നിർദേശ പ്രകാരം ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്ബിയുമാണ് അന്വേഷണം നടത്തിയത്.
കൊലപാതകം, കൃത്രിമരേഖ ചമയ്ക്കൽ, ഗൂഡാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ പയ്യന്നൂരിലെ അഭിഭാഷകയായ കെ.വി. ഷൈലജയേയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും അഭിഭാഷകയുടെ സഹോദരി കോറോത്തെ കെ.വി. ജാനകിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പരേതന്റെ പിന്തുടര്‍ച്ചക്കാരിയെന്ന് തെളിയിക്കുന്നതിനായി രേഖകള്‍ സംഘടിപ്പിക്കുവാന്‍ സഹായിച്ച പയ്യന്നൂര്‍ കേളോത്ത് സ്വദേശി കെ.വി. സോമനേയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രായാധിക്യം പരിഗണിച്ച് എഴുപതുകാരിയായ ജാനകിക്ക് ജാമ്യമനുവദിച്ച കോടതി മറ്റുള്ളവരെ റിമാൻഡ് ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ അഭിഭാഷകയേയും ഭര്‍ത്താവിനെയും കൊലപാതക കുറ്റത്തിന് ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി പയ്യന്നൂര്‍ തായിനേരിയിലെ വീട്ടിലെത്തി വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധമുള്ളവരേയും കേസില്‍ പ്രതി ചേര്‍ക്കുന്നതിനായി നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് അന്നത്തെ തളിപ്പറമ്പ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെയും പോലീസ് കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
കുറ്റപത്ര സമർപ്പണം എന്തിന് വൈകിക്കുന്നു
ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച അന്വേഷണം വളരെവേഗം പൂര്‍ത്തീകരിച്ച ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
ബാലകൃഷ്ണന്റെ മരണത്തിന് പിന്നില്‍ ഗൂഢലോചന നടന്നിരുന്നതായും പ്രതികള്‍ കോടികളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തിയിരുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു.
തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിലും കാര്യക്ഷമമായ അന്വേഷണമാണ് നടന്നത്. കേസന്വേഷണം നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിനിടെ സ്ഥലം മാറ്റം ഉണ്ടായതോടെയാണ് തുടർഅന്വേഷണം മരവിച്ചത്.
പോലീസിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള ഇടപെടലുകള്‍ നടക്കുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.