തിരുവനന്തപുരം: പി. ഭാസ്കരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. അയ്യൻകാളി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ തിരി തെളിയിച്ചു.
ചടങ്ങിൽ പി. ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം നടൻ രാഘവന് അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.
നാടകാചാര്യനും ശില്പിയുമായ ആർ.എസ്. മധു, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ഗായകനും സംഗീത സംവിധായകനുമായ രാജീവ് ഒഎൻവി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫൗണ്ടേഷൻ ചെയർമാൻ സി.വി പ്രേംകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം ആർ മനോജ് സ്വാഗതമാശംസിച്ചു.
സെക്രട്ടറി ഷൈനി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഭാസ്ക്കരൻ മാഷിന്റെ ഗാനങ്ങൾ കോർത്ത്, ബിജു ഗോൾഡൻ വോയ്സ് നയിച്ച എങ്ങനെ നീ മറക്കും ഗാനസന്ധ്യ അരങ്ങേറി. 2025 ഫെബ്രുവരി 25 വരെ നീളുന്ന വിവിധ പ്രോഗ്രാമുകളാണ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്. പ്രോഗ്രാം പിആർഒ അജയ് തുണ്ടത്തിൽ.