ഇരുന്നൂറിൽപരം ചെറിയ രക്തഗ്രൂപ്പുകൾക്കിടയിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയതായി മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജിലെ വിദഗ്ധർ. പിപി അഥവാ പി നൾ ഫീനോടൈപ്പ് എന്നാണ് പുതിയ രക്തഗ്രൂപ്പിന്റെ പേര്. ഡോ. ഷാമീ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. ആയിരത്തിൽ ഒരാൾക്കു മാത്രം കാണപ്പെടുന്ന രക്തഗ്രൂപ്പുകൾ അപൂർവ ഗ്രൂപ്പുകളായാണ് കണക്കാക്കുന്നത്.
അടിയന്തരമായി രക്തം വേണ്ട ഒരു രോഗിയുടെ രക്തസാമ്പിൾ കസ്തൂർബാ ഹോസ്പിറ്റലിലെ രക്തബാങ്കിൽ ലഭിച്ചിരുന്നു. എന്നാൽ, ഇതിനു യോജിക്കുന്ന രക്തം കണ്ടെത്താനായില്ല. അതിനാൽ ഈ സാന്പിൾ യുകെയിലുള്ള ഇന്റർനാഷണൽ ബ്ലെഡ് ഗ്രൂപ്പ് റെഫറൻസ് ലാബോറട്ടറിയിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പിപി ഫീനോടൈപ്പ് രക്തഗ്രൂപ്പാണെന്നു സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ഇതാദ്യമായാണ് പി ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തുന്നതെന്ന് എംഎഎച്ച്ഇ പ്രൊ വൈസ് ചാൻസലർ ഡോ. പൂർണിമ ബാലിഗ പറഞ്ഞു. അപൂർവ രക്തഗ്രൂപ്പുള്ള ആളുകളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ തയാറാക്കാനും എംഎഎച്ച്ഇക്ക് പദ്ധതിയുണ്ട്.
വളരെ അപൂർവമായ പി ഗ്രൂപ്പ് രക്തമാണ് രോഗിയിൽ ഉള്ളതെന്നും ഇതിൽ PP1PK ആന്റിബോഡിയാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇമ്യൂണോഹെമറ്റോളജി ആൻഡ് ബ്ലെഡ് ട്രാൻസ്പ്യൂഷൻ മേധാവി ഡോ. ഷമീ ശാസ്ത്രി പറഞ്ഞു. അപൂർവ രക്തഗ്രൂപ്പുള്ള ആളുകളുടെ വിവരങ്ങൾ അടങ്ങിയ രജിസ്ട്രി ഇത്തരം സാഹചര്യങ്ങളിൽ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനുയോജ്യ രക്തം ലഭിക്കാത്തതിനെത്തുടർന്ന് ഓർത്തോപീഡിക്സ് പ്രൊഫസർ ഡോ. കിരൺ ആചാര്യയുടെ നേതൃത്വത്തിൽ മരുന്നുകൾ വഴി ഹീമോഗ്ലോബിന്റെ അളവ് ഉയർത്തി രക്തനഷ്ടം പരമാവധി കുറച്ച് രോഗിക്ക് ശസ്ത്രക്രിയ നടത്തുകയായിരുന്നു.