കോട്ടയം: എന്തു ഏതു സമയത്തും വെട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റമാണ് പിസി ജോര്‍ജിനെ മറ്റു രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. തനിക്കു തോന്നുന്ന കാര്യം ഒരു മടിയുമില്ലാതെ പിസി ആരോടും പറയുകയും ചെയ്യും. ഇപ്പോള്‍ തന്റെ പാര്‍ട്ടിയായ ജനപക്ഷത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ലോക പര്യടനത്തിലാണ് പിസി. ഗള്‍ഫും യൂറോപ്പുമെല്ലാം ചൂറ്റി പാര്‍ട്ടി വളര്‍ത്തിയാണ് അമേരിക്കയിലെത്തിയത്. അവിടെ കണ്ട കാഴ്ചകള്‍ കേട്ടതുപോലെയായിരുന്നില്ല. സമത്വസുന്ദരമായ നാട്. സാമ്രാജ്യത്വം എന്നത് കാണാന്‍ പോലുമില്ല. അതുകൊണ്ട് തന്നെ ജോര്‍ജിന് സ്വയം അപമാനം തോന്നുകയാണ്. അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് ജോര്‍ജ് നടത്തുന്ന പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഞാന്‍ കഴിഞ്ഞ 15 ദിവസമായി ഞാന്‍ അമേരിക്കയിലായിരുന്നു. ഞാന്‍ കേട്ടത് അമേരിക്കന്‍ സാമ്രാജ്യത്വംമെന്നാണ്. ഇത് കാണാനാണ് ഞാന്‍ പോയത്. ഞാന്‍ വായിച്ച എല്ലാ പുസ്തകത്തിലും അമേരിക്കന്‍ സാമ്രാജ്യത്വം, മൂന്നാം ലോക രാജ്യങ്ങളെ ചൂഷണം ചെയ്യുന്നു, ലോക പൊലീസ് എന്നൊക്കെയാണ്. അതുകൊണ്ടാണ് ഓണാഘോഷത്തിന് അവിടെ പോയത്. മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നതാണ് പ്രചരണം. വായിച്ച ബുക്കിലെല്ലാം ഇതൊക്കെയാണ്. ഇടതുപക്ഷ ചിന്തകരാണ് ഇതൊക്കെ എഴുതുന്നത്. ജനങ്ങളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ലേഖകരെ തൂക്കി കൊല്ലണം. അവിടെ ഒരൂ ചുഷണവുമില്ലെന്നും പിസി പറയുന്നു.
താന്‍ പതിനൊന്നോളം യോഗങ്ങളില്‍ പങ്കെടുത്തെന്നു പറയുന്ന പിസിയുടെ വാക്കുകള്‍ ഇങ്ങനെ… ന്യൂയോര്‍ക്ക് സിറ്റിയില്‍ നിസ്കരിക്കുന്ന 20 പള്ളികള്‍ കണ്ടു. ക്ഷേത്രവും ഉണ്ട്. മുഴുവന്‍ നല്ല നിലയിലാണ്. ഒരു മലയാളിയും ദുഃഖിക്കുന്നില്ല. മുഴുവന്‍ നല്ല നിലയില്‍ ആണെന്ന് മാത്രമല്ല. പ്രധാനപ്പെട്ട കാര്യമായി തോന്നിയത് അവിടെ ആര്‍ക്കും എത്രവേണമെങ്കിലും സമ്പാദിക്കാം. നിയമപരമായി നികുതി കൊടുക്കണം. ഇവിടെയാണെങ്കില്‍ പത്ത് ചക്രം ഉണ്ടാക്കിയാല്‍ ഇന്‍കം ടാക്സും സെയില്‍സ് ടാക്സും രാജ്യത്തുള്ള എല്ലാവരും വന്ന് പൊലീസിനേയും കൂടെ കൂട്ടി മൂലയ്ക്ക് കൊണ്ടിരുത്തും.
അമേരിക്കന്‍ ജനതയെ പുച്ഛിച്ച് നടന്ന എനിക്ക് അപമാനം തോന്നുന്നു. ഒരു തിരിച്ചറിവ്. അമേരിക്കന്‍ സാമ്രാജ്യത്വം… അത് ഇന്ത്യ മുഴുവന്‍ ആകട്ടെ. ഇന്ത്യ രക്ഷപ്പെടട്ടേ. പട്ടിണിയില്ലാതെ പോട്ടെ. ശുദ്ധമായ വെള്ളം, ശുദ്ധമായ ആഹാരം, മരുന്ന്. ഏതെങ്കിലും രോഗി വന്നാല്‍ അവന്റെ ജീവന് രക്ഷിച്ചിട്ടാണ് ആരാന്ന് തിരക്കുന്നത്. ആ നാടിനെയാണ് ഇവിടെയുള്ളവര്‍ കുറ്റം പറയുന്നത്. അവിടെയെല്ലാം കേരള ജനപക്ഷത്തിന്റെ മെമ്പര്‍ഷിപ്പ് കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടാണ് ഞാന്‍ വന്നത്. മുഴുവന്‍ പേരും നമ്മള്‍ക്കൊപ്പം ചേരാന്‍ പോവുകയാണ്. അവിടെയുള്ള മലയാളികള്‍ക്ക് 60 കൊല്ലത്തിന്റെ യുഡിഎഫ്-എല്‍ഡിഎഫ് ഭരണത്തിന്റെ കള്ളത്തരമൊക്കെ പിടികിട്ടിയെന്നും പിസി ജോര്‍ജ് പറയുന്നു. കേരളത്തിലെ സമരകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തായിരുന്നു ജോര്‍ജ് അമേരിക്കയില്‍ നിറഞ്ഞത്. നടിയെ ആക്രമിച്ച കേസും ദിലീപിന്റെ അറസ്റ്റുമെല്ലാം അവിടേയും ചര്‍ച്ചയാക്കി. അതു കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അമേരിക്കയെപ്പറ്റിയുള്ള ഈ തുറന്നു പറച്ചില് നടത്തിയത്. എന്തായാലും പിസിയുടെ തുറന്നു പറച്ചില് വൈറലായിരിക്കുകയാണ്.