ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാണംകെട്ട ഭീരുക്കൾ ചിദംബരത്തെ വേട്ടയാടുകയാണ്. സത്യത്തിനായി പോരാടുന്നത് തുടരുമെന്നും പ്രിയങ്ക പറഞ്ഞു.
ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി എന്നീ നിലയിൽ ദശാബ്ദങ്ങളോളം വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ച വ്യക്തിയാണ് ചിദംബരം. രാജ്യസഭയിലെ അങ്ങേയറ്റം യോഗ്യതയുള്ള, ആദരണീയനായ അംഗവുമാണ്. ഈ സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് അദ്ദേഹം നിസങ്കോചം സംസാരിച്ചുകൊണ്ടിരിക്കുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്തു.
എന്നാൽ സത്യം ഭീരുക്കൾക്ക് അസ്വീകാര്യമാണ്, അതിനാൽ നാണംകെട്ട ഭീരുക്കൾ അദ്ദേഹത്തെ വേട്ടയാടുന്നു. തങ്ങൾ അദ്ദേഹത്തോടൊപ്പമാണ്. എന്ത് അനന്തരഫലമുണ്ടായാലും സത്യത്തിനായി പോരാടുന്നത് തുടരുമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.അതേസമയം, ഐഎൻഎക്സ് അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ് സിബിഐ സംഘം. ഹൈക്കോടതി വിധിക്കെതിരെ ചിദംബരം നൽകിയ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.
10.30ന് ഹർജി പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുപ്രീം കോടതി കൂടി ജാമ്യം നിഷേധിക്കുകയാണെങ്കിൽ ചിദംബരത്തിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തും. എന്നാൽ ഇന്നലെ വിധി വന്നത് മുതൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയ ചിദംബരത്തെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.
ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്സ് മീഡിയയിൽ 305 കോടിയുടെ ഇടപാട് നടത്തുന്നതിനു വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി വഴിവിട്ട് നേടിയെന്നാണ് ആരോപണം. 2007ൽ നടന്ന ഇടപാടിൽ മകൻ കാർത്തി ചിദംബരം പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.
കേസുമായി ബന്ധപ്പെട്ട് കാർത്തിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള 54 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരെ അറസ്റ്റ് ചെയ്തു നടത്തിയ ചോദ്യം ചെയ്യലിലാണ് അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഡൽഹി കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. 2018 ജൂലൈയിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.