ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മൂന്ന് ടയറുകളും പഞ്ചറായ കാറ് പോലെയായെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ രൂക്ഷ വിമര്‍ശനം. താനെയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇന്ധന വില വര്‍ദ്ധനവും മറ്റ് സാമ്പത്തിക പ്രശ്നങ്ങളുമുന്നയിച്ച് മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.
‘സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, പൊതു ചെലവുകള്‍ എന്നിവ ഒരു സമ്പദ് വ്യവസ്ഥയിലെ നാല് വളര്‍ച്ചാ യന്ത്രങ്ങളാണ്, ഇവ ഒരു കാറിന്റെ നാല് ചക്രം പോലെയാണ്. ഒന്നോ രണ്ടോ ചക്രങ്ങള്‍ തകരാറിലായാല്‍ തന്നെ വേഗത കുറയും. നമ്മുടെ രാജ്യത്തിന്റെ കാര്യത്തില്‍ മൂന്ന് ചക്രങ്ങളും പഞ്ചറാണ്.’- ചിദംബരം പറഞ്ഞു.
സര്‍ക്കാര്‍ ചെലവുകള്‍ ആരോഗ്യമേഖലയിലും മറ്റ് ചിലയിടത്തും മാത്രമായി ഒതുങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഈ ചെലവുകള്‍ മുന്നോട്ട് കൊണ്ട് പോവാനാണ് സര്‍ക്കാര്‍ ഡീസലിനും പെട്രോളിനും നികുതി ചുമത്തുന്നത്. ഇവിടെ നിന്നെല്ലാം ജനങ്ങളുടെ പണം പിഴിഞ്ഞെടുത്തിട്ട്, അതില്‍ കുറച്ച് മാത്രം പൊതു ചെലവിലേക്ക് നല്‍കുകയാണ്.’ അദ്ദേഹം പറഞ്ഞു.
അടുത്തിടെയായി ഊര്‍ജ മേഖലയില്‍ എന്തെങ്കിലും നിക്ഷേപം ഉണ്ടായിട്ടുണ്ടോയെന്നും പാപ്പരായ 10 പ്രധാന കമ്പനികളില്‍ അഞ്ചെണ്ണം സ്റ്റീല്‍ കമ്പനികളാണെന്നും ഇത്തരം വ്യവസായങ്ങളില്‍ ആരെങ്കിലും നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കാമോ എന്നും ചിദംബരം ചോദിച്ചു.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന അഞ്ച് സ്ലാബ് ജി.എസ്.ടിയെയും ചിദംബരം കുറ്റപ്പെടുത്തി. ‘നോട്ട് നിരോധനത്തിന് ശേഷം ഈ സര്‍ക്കാര്‍ അഞ്ച് സ്ലാബുകളോടെ ജി.എസ്.ടി കൊണ്ടുവന്നു. മറ്റ് രാഷ്ട്രങ്ങളില്‍ ജി.എസ്.ടിയായി ഒറ്റ നികുതിയേയുള്ളൂ. ഇന്ത്യയില്‍ നമുക്ക് രണ്ട് തരം നികുതിയാവാം. പക്ഷേ അഞ്ച് സ്ലാബുകള്‍ ജി.എസ്.ടിയില്‍ നമ്മള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.’- ചിദംബരം കൂട്ടിച്ചേര്‍ത്തു.