പാലാ: മഹാത്മാഗാന്ധിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിലെ ഗാന്ധിജയന്തി ദിനത്തിൽ വീട്ടുമുറ്റത്ത് ഗാന്ധിപ്രതിമ സ്ഥാപിച്ച് ആദരവ്.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസാണ് വീട്ടുമുറ്റത്തു പ്രതിമ സ്ഥാപിച്ച് ഗാന്ധിജിക്ക് ആദരവ് നൽകുന്നത്. മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡായ കൊച്ചിടപ്പാടിയിലാണ് റോഡിന് അഭിമുഖമായി പ്രതിമ സ്ഥാപിച്ചത്.
ശില്പി മാവേലിക്കര സ്വദേശി ഡോ. ബിജു ജോസഫാണ് ഗാന്ധിജിയുടെ പ്രതിമ നിർമിച്ചു നൽകിയത്. അർധകായ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്.
ഇതോടൊപ്പം സബർമതിയിലെ മണ്ണും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠമുൾപ്പെടെയുള്ളവ വിവിധയാളുകൾ സംഭാവന ചെയ്യുകയായിരുന്നു. ശ്രമദാനമായിട്ടാണ് പണികൾ പൂർത്തീകരിച്ചത്.
കഴിഞ്ഞ വർഷം മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്തതിനെതിരെ എബി ജെ. ജോസ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ഇസ്രായേൽ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ അവ മാറ്റിയിരുന്നു.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മൂന്നാനി ലോയേഴ്സ് ചേംബർ റൂട്ടിൽ നഗരസഭ അനുവദിച്ച സ്ഥലത്ത് സ്ഥാപിക്കുന്ന എട്ടടി ഉയരമുള്ള ഗാന്ധിജിയുടെ വെങ്കല പ്രതിമയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഗാന്ധിജിയുടെ നൂറ്റന്പതാമത് ജന്മവാർഷികത്തോടനുബന്ധിച്ചാണു പ്രതിമാ നിർമാണം ആരംഭിച്ചത്. കൊച്ചിടപ്പാടിയിൽ സ്ഥാപിച്ചിരിക്കുന്ന അർധകായ പ്രതിമ ഇന്നു വൈകുന്നേരം നാലിനു മാണി സി. കാപ്പൻ എംഎൽഎ അനാവരണം ചെയ്യും.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, വാർഡ് കൗണ്‍സിലർ ടോണി തോട്ടം, ഡോ. സിന്ധുമോൾ ജേക്കബ്, സാബു ഏബ്രഹാം, അനൂപ് ചെറിയാൻ, സാംജി പഴേപറന്പിൽ, ബേബി സൈമണ്‍ തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു പുഷ്പാർച്ചനയും നടത്തും.