സ്വന്തം ലേഖകൻ
കണ്ണൂര്‍: വ്യക്തിപൂജ വിവാദവുമായി ബന്ധപ്പെട്ടു പാർട്ടിക്കുള്ളിൽ ആരോപണ വിധേയനായ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനു ക്ലീൻ ചിറ്റ് നൽകിയതിനു പിന്നാലെ ജയരാജന്റെ വിശ്വസ്തർക്കെതിരേ പാർട്ടി നടപടി.
ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജന്റെ വിശ്വസ്തനായ ഓഫീസ് ജീവനക്കാരനുൾപ്പെടെയുള്ളവർക്കെതിരേയാണ് നടപടി.
ജില്ലാ സെക്രട്ടറി എന്ന നിലയിൽ പി. ജയരാജനെ വ്യക്തിപരമായി പ്രസ്ഥാനത്തെക്കാളും മുകളിലേക്ക് ഉയർത്തിക്കാട്ടാൻ ശ്രമം നടത്തിയെന്നാണ് ഇവർക്കെതിരേയുള്ള പ്രധാന കണ്ടെത്തൽ.
താക്കീത്
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ജീവനക്കാരനായ ബാബു ചാലി ഉൾപ്പെടെയുള്ളവർക്കു നടപടിയുടെ ഭാഗമായി താക്കീത് നൽകി.
വ്യക്തി പൂജ വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച ടി.ഐ. മധുസൂദനൻ എംഎൽഎ, എ.എൻ. ഷംസീർ എംഎൽഎ, എൻ. ചന്ദ്രൻ എന്നിവരുൾപ്പെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുറത്താക്കൽ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജനു സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ധീരജ് കുമാറിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു.
ബിജെപി പ്രവർത്തകനായ ധീരജ് കുമാറിനെ സിപിഎമ്മിലേക്ക് എത്തിച്ചതിൽ പി. ജയരാജന് മുഖ്യ പങ്കുണ്ടായിരുന്നു.
എന്നാൽ ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരേ ധീരജ് നടത്തിയ പരാമർശവും ചാനലുകൾക്ക് നൽകിയ അഭിമുഖവും പാർട്ടിയെ ചൊടിപ്പിക്കുകയും ധീരജിനെ പുറത്താക്കുകയുമായിരുന്നു.
ജയരാജന്റെ അടുപ്പക്കാരനായ ധീരജിനെ പുറത്താക്കിയത് പി. ജയരാജനുള്ള മുന്നറിയിപ്പായും പാർട്ടി വൃത്തങ്ങളിൽ വ്യാഖ്യാനമുണ്ടായിരുന്നു.
കൂത്തുപറമ്പ് മേഖലയില്‍ പാര്‍ട്ടിക്കകത്തുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.എം. മധുസൂധനനെ സ്ഥാനത്തുനിന്നു നീക്കിയതും ജയരാജനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളെന്ന നിലയിലാണ്.
മൗനാനുവാദമോ?
പിജെ ആര്‍മിയെന്ന നവമാധ്യമ കൂട്ടായ്മയും സിപിഎമ്മിനകത്തു വലിയ ചർച്ചയായിരുന്നു. പി. ജയരാജന്റെ മൗനാനുവാദത്തോടെ ആരംഭിച്ചതാണിതെന്നും ആരോപണമുണ്ടായിരുന്നു.
പലപ്പോഴും നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച പിജെ ആർമിയിലെ പോസ്റ്റുകൾ പാർട്ടിയെ പ്രതിരോധത്തിലുമാക്കിയിരുന്നു.
പോസ്റ്റുകൾ വിവാദമായതോടെ തനിക്കു പിജെ ആർമിയുമായി ബന്ധമില്ലെന്നും തന്റെ ഫോട്ടോ ഉൾപ്പെടെയുള്ളവ അനധികൃതമായി ഉപയോഗിക്കുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞ് പി. ജയരാജൻ പിജെ ആർമിയെ പരസ്യമായി തള്ളി പറയുകയും ചെയ്തിരുന്നു.
പേരു മാറ്റിയിട്ടും
ഏറ്റവും ഒടുവിൽ പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പോസ്റ്റിനു പിന്നാലെ പിജെ ആർമി ഏതാനും ദിവസങ്ങളിൽ നിർജീവമായിരുന്നു.
പാർട്ടിയിലെ ചിലരുടെ നിർദേശാനുസരമമായിരുന്നു ഇതെന്നും പറയപ്പെടുന്നു. ഇതിനു പിന്നാലെ പിജെ ആര്മിക്കാർ റെഡ് ആര്‍മിയെന്ന് പേരും പ്രൊഫൈൽ ചിത്രം മാറ്റിയും സജീവമായി.
ഇതിനു ശേഷം നേതൃത്വത്തെ വിമർശിച്ചുള്ള പോസ്റ്റുകളുണ്ടായിട്ടില്ല. ചില നേതാക്കളുടെ നിർദേശാനുസരണമാണ് പേരുമാറ്റത്തിനും പ്രൊഫൈൽ ചിത്രം മാറ്റത്തിനും പിന്നിലെന്നും സൂചനയുണ്ട്. നേതാക്കളിൽ ചിലരുടെ പിന്തുണ ഈ ഗ്രൂപ്പിന് ഇപ്പോഴുമുള്ളതായാണ് വിവരം.
ചുമതലകളില്ല
വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ പി. ജയരാജനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിനെ തുടർന്ന് ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പാർട്ടി മാറ്റിയിരുന്നു.
തെരഞ്ഞെടുപ്പിൽ ജയരാജൻ പരാജയപ്പെട്ടപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നൽകുമെന്നായിരുന്നു കരുതിയതെങ്കിലും പകരം എം.വി. ജയരാജനെയാണ് സെക്രട്ടറിയായി നിയമിച്ചത്.
ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ പി. ജയരാജന് പിന്നീട് പാർട്ടി കാര്യമായ ചുമതലകൾ ഒന്നും നൽകിയിട്ടില്ല.