എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: സംഗീതത്തെ സിനിമയെ സൗഹൃദങ്ങളെ വാനോളം സ്നേഹിക്കുന്ന മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് 78-ാം പിറന്നാൾ.
പാട്ടുകളെ കുറിച്ച്, മലയാളത്തിലെ, ഹിന്ദിയിലെ, തമിഴിലെ അനുഗൃഹീത ഗായകരെ കുറിച്ച് എത്ര പറഞ്ഞാലും പറഞ്ഞാലും മതിയാകില്ല പി. ജയചന്ദ്രന്.
ഓരോരോ ഗായകരുടെ സവിശേഷതകൾ പറയും, പാട്ടുകൾ പാടി പാടി സ്വയം മറക്കും. റാഫി സാബ്, മന്നാഡേ, കിഷോർകുമാർ, പി.ബി. ശ്രീനിവാസ്, പി. സുശീല, എസ്. ജാനകി അങ്ങനെ നീളും പേരുകൾ…
ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന സുഹൃത്തുക്കളുമായി ചേർന്നാൽ രാത്രി വളരെ വൈകിയും പാട്ടുതന്നെ. ഇതിനിടയിൽ ഗാനഗന്ധർവൻ യേശുദാസിന്റെ പഴയ പാട്ടുകൾ അതേ ഭാവത്തിൽ പാടും.
പാട്ടുകൊണ്ട് മാത്രം ജയചന്ദ്ര നിമിഷങ്ങൾ അവസാനിക്കുന്നില്ല. സിനിമയെ കുറിച്ച് പറയും. സിനിമയിലെ തമാശ രംഗങ്ങൾ പങ്കുവയ്ക്കും. ചിലനേരം കുതിരവട്ടം പപ്പുവിന്റെ നർമ സംഭാഷണം അനുകരിക്കും.
ചില സമയത്താകട്ടെ സോമന്റെ ഗൗരവമേറിയ സംഭാഷണങ്ങൾ അനുകരിക്കും. ചില സമയത്താകട്ടെ സോമന്റെ ഗൗരവമേറിയ സംഭാഷണങ്ങൾ അവതരിപ്പിക്കും.
തന്റെ സംഗീത ജീവിതത്തെ ഏറെ സ്വാധീനിച്ച ദേവരാജൻ മാസ്റ്റർ, പിന്നെ പ്രിയപ്പെട്ട ബാബുക്ക, ദക്ഷിണാമൂർത്തി സ്വാമി, എം.എസ്.വി, അർജുനൻ മാസ്റ്റർ എല്ലാവരും പാടി പഠിപ്പിച്ചത് അതുപടി പകർത്തും.
അനശ്വരമായ ആ രാഗഭാവങ്ങളിൽ ആണ്ട്പോവുകയും ചെയ്യും. സുഹൃത്തുക്കളോട് ചേർന്നാൽ സൂര്യനു താഴെയുള്ള എല്ലാം വിഷയമാകും. കൊറോണ മുതൽ റഷ്യയുടെ അധിനിവേശം വരെ അതിൽപ്പെടും.
പി. ജയചന്ദ്രന്റെ അടുത്ത സ്നേഹിതനും ആരാധകനുമായ മനോഹരന്റെ വാക്കുകൾ കേൾക്കാം-ജയചന്ദ്രൻ മാഷ്, മാഷിന്റെ ഗാനങ്ങൾ പാടാറില്ല. പാടുന്നത് മുഴുവൻ മാഷ് ആരാധിക്കുന്ന മറ്റ് ഗായകരുടെ ഗാനങ്ങളാണ്.
കഴിഞ്ഞ 57 വർഷങ്ങളായി സിനിമാ പിന്നണി ഗാനരംഗത്ത് പ്രവർത്തിക്കുന്ന ഗായകനാണ്. എങ്കിലും സൗഹൃദ നിമിഷങ്ങളിൽ മാഷ് പാടുക മറ്റ് ഗായകരുടെ പാട്ടുകളാണ്.
ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഇങ്ങനെ മറ്റു പിന്നണി ഗായകരുടെ ഗാനങ്ങൾ പാടുന്ന ഗായകൻ; ആസ്വദിക്കുന്ന ഗായകൻ വേറെ ഉണ്ടാവില്ല.
സത്യമാണ് പി. ജയചന്ദ്രന്റെ ആത്മമിത്രത്തിന്റെ വാക്കുകൾ. ഒന്നുകൂടി പറയാം. ജയചന്ദ്രനെ പോലെ ഇത്രയും ഇമോഷണൽ ആയ മറ്റൊരു ഗായകനും വേറെ ഉണ്ടാവില്ല. ഒ
റ്റനോട്ടത്തിൽ അല്ലെങ്കിൽ മാറി നിന്നുള്ള ഒരു വിലയിരുത്തലിൽ വളരെ ശാന്തസ്വരൂപനായ ഒരു വ്യക്തിയായിട്ടാണ് ഈ ഭാവഗായകൻ അനുഭവപ്പെടുക. എന്നാൽ അങ്ങനെ ഓരു സ്ഥായിഭാവം ഉള്ള വ്യക്തിയല്ല പി. ജയചന്ദ്രൻ.
കടലലപോലെ ഇളകുന്ന മനസ്…. അതിൽ സ്നേഹവും, ആർദ്രതയും, ദേഷ്യവും, വേദനയും മാറി മാറി പടരാൻ നിമിഷങ്ങൾ മതി. ഈ ഒരു വൈകാരികത തന്നെയാണ് ജയചന്ദ്രന്റെ പാട്ടുകളെ ഇങ്ങനെ മലയാളത്തിന്റെ ഇടനെഞ്ചോട് ചേർത്ത് വയ്ക്കുന്നതും.
സംഗീത സംവിധായകന്മാർ പാട്ടു പഠിപ്പിച്ച് കൊടുക്കുന്പോൾ മുതൽ ഈ ഒരു വൈകാരികതയ്ക്കു ജയചന്ദ്രൻ വിധേയനായി തുടങ്ങും. പല സംഭാഷണങ്ങളിലും ഗായകൻ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ള ഉദാഹരണങ്ങളുണ്ട്.
ദേവരാജൻ മാഷ് ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ എന്ന ലളിതഗാനം പാടി പഠിപ്പിക്കുന്പോൾ തന്റെ കണ്ണുകൾ നിറഞ്ഞുപോയി. സങ്കടം തിങ്ങി വിങ്ങിയത് കാരണം കുറച്ച് നേരം കഴിഞ്ഞു മാത്രമേ പാടാൻ കഴിഞ്ഞുള്ളൂ.
അങ്ങനെയാണ് പി. ജയചന്ദ്രൻ പറയാറുള്ളത്. അപ്പോൾ മഞ്ഞലയിൽ മുങ്ങി തോർത്തിയും ഹർഷ ബാഷ്പം തൂകിയും മധുചന്ദ്രികയുടെ ചായതളികയും ഉൾപ്പെടുന്ന ഗാനങ്ങളെല്ലാം ഇത്ര ഭംഗിയായതിനു പിന്നിലെ കാരണം ഊഹിക്കാമല്ലോ.
സംഗീത സംവിധായകൻ പാടുന്പോൾ ആ പാട്ട് നേരേ ഹൃദയത്തിലേക്കു ഏറ്റുവാങ്ങുക പിന്നെ അതിൽ അലിഞ്ഞലിഞ്ഞ് ചേരുക, അഥവാ സ്വയം ഇല്ലാതാവുക.
ഗാനരചയിതാവ് പകർന്നുവച്ച വിങ്ങലും ഉന്മാദവും; സംഗീത സംവിധായകൻ ഊട്ടി ഉറപ്പിച്ച ഭാവവും ഒന്നായി സ്വന്തമാക്കുക. ഇതു തന്നെയല്ലെ അരനൂറ്റാണ്ടിലേറെയായി നമ്മൾ അറിയുന്ന ജയചന്ദ്രൻ മാന്ത്രികത.