കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറിയായി പി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി ജയരാജന്റെ നാലാമൂഴമാണിത്. 2010ൽ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ സ്വഭാവദൂഷ്യത്തെ തുടർന്ന് പാർട്ടി പുറത്താക്കിയപ്പോൾ പി. ജയരാജനെ ആയിരുന്നു സെക്രട്ടറിയുടെ താത്കാലിക ചുമതല പാർട്ടി എൽപിച്ചത്. തുടർന്ന് 2010 ഡിസംബർ 13 നായിരുന്നു ജയരാജൻ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമത ഏറ്റെടുത്തത്.
തുടർന്ന് 2011 ജനുവരിയിലെ പയ്യന്നൂർ സമ്മേളനവും 2014 ലെ കൂത്തുപറന്പ് സമ്മേളനവും ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇപ്പോൾ കണ്ണൂർ സമ്മേളനവും ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോൾ തുടർച്ചയായി മൂന്നുതവണ സമ്മേളനം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവായി ജയരാജൻ മാറുകയാണ്.
1952 നവംബർ 27ന് കതിരൂരിലെ കുഞ്ഞിരാമൻ-ദേവി ദന്പതികളുടെ മകനായി ജനിച്ച ജയരാജൻ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർഥി സംഘടനയിലൂടെയാണ് സംഘടനാ രംഗത്ത് സജീവമാകുന്നത്. കെഎസ് വൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1972ൽ ഇരുപതാമത്തെ വയസിൽ പാർട്ടി അംഗമായി. 27 ാം വയസിൽ കൂത്തുപറന്പ് ഏരിയ സെക്രട്ടറിയായി.
1990ൽ ആദ്യ ജില്ലാ കൗൺസിലിൽ അംഗമായിരുന്നു. കൂത്തുപറന്പിൽ നിന്നുള്ള ഉപതെരഞ്ഞെടുപ്പിലടക്കം മൂന്നു തവണ മത്സരിച്ച് നിയമസഭയിലെത്തി. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് മാനേജർ, ജനറൽ മാനേജർ, നിയമസഭാ പാർലമെന്ററി പാർട്ടി സെക്രട്ടറി, ചിന്ത എഡിറ്റർ, പ്രവർത്തിച്ചിട്ടുണ്ട്. പാട്യം ഗോപാലൻ സ്മാരക റിസർച്ച് സെന്റർ പ്രസിഡന്റും നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്.
1999 ഓഗസ്റ്റ് 25ന് തിരുവോണനാളിൽ കിഴക്കെ കതിരൂരിലെ വീട്ടിൽ വച്ച് രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിന് ഇരയായ ജയരാജൻ അതേതുടർന്നുള്ള ശാരീരിക അവശതകൾ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. പാട്യം ഓട്ടച്ചിമാക്കൂലിലാണ് താമസം. ഭാര്യ: യമുന. ആഷിൻ രാജ്, ജയിൻ രാജ് എന്നിവർ മക്കളാണ്.