പയ്യന്നൂര്‍: ആര്‍എസ്എസിന്റെ ശൈലിയാണ് പോപ്പുലര്‍ ഫ്രണ്ട് പിന്തുടരുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. കുന്നരു കാരന്താട്ടെ സിപിഎം പ്രവര്ത്തകന് സി.വി.ധനരാജിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുമതത്തെ സംഘടിത മതമാക്കി മാറ്റിയെടുക്കാനുള്ള ശ്രമം ആര്‍എസ്എസ് നടത്തുമ്പോള്‍ മറുഭാഗത്ത് സംഘപരിവാറിന്റെ ശൈലി കടംകൊണ്ട് ഇസ്ലാം തീവ്രവാദികളും മത്സരിക്കുകയാണ്. ബിന്ദ്രന്‍ വാലയെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസിന് ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയാണുണ്ടായത്.സ്വന്തം സുരക്ഷാ ഭടന്മാരാരാല് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെയുണ്ടായത്.
താലിബാന്, അല്‍ഖ്വയ്ദ എന്നിവയെപോലെ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടില്‍ ചേരുന്നതിനായി മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുകയാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം ലഭിക്കുമെന്നാണ് ഐഎസിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മധ്യകാലഘട്ടങ്ങളിലേക്ക് തിരിച്ചു നടത്തി പുരോഗതിയും വികസനവും തടയുന്ന ബിജെപിയെ തറപറ്റിക്കാന്‍ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനം അത്യാവശ്യമാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പറഞ്ഞു.
ശാസ്ത്ര-സങ്കേതിക നേട്ടങ്ങളേയും പുരോഗതികളേയും തള്ളിക്കളഞ്ഞ് ഇന്ത്യയെ മധ്യകാലത്തേക്ക് നയിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ വികസനവും പുരോഗതിയും തൊഴില്‍ മേഖലയും പരിസ്ഥിതിയും തകര്‍ന്നിരിക്കുകയാണ്.
ശാസ്ത്ര -സാങ്കേതിക പുരോഗതിക്കെതിരെയുള്ള നരേന്ദ്രമോദിയുടെ നിലപാട് കാരണം ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ തലകുനിക്കേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.ധനരാജിന്റെ കുടുംബത്തിന് വേണ്ടി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു.
സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി.മധു അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനന്, സി.കൃഷ്ണന് എംഎല്‍എ, വി.നാരായണന്, അഡ്വ.പി.സന്തോഷ്, പണ്ണേരി രമേശന് തുടങ്ങിയവര്‍ സംസാരിച്ചു. കുന്നരു തെക്കേഭാഗത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കനത്ത പോലീസ് സുരക്ഷയും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.