നിശാന്ത് ഘോഷ്
കണ്ണൂര്‍: കണ്ണൂരിലെ ജയരാജന്മാരില് ആരെല്ലാം മത്സരിക്കുമെന്ന ചോദ്യത്തിന് വിരാമമാകുന്നു. മന്ത്രി. ഇ.പി. ജയരാജന് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചതിനു പിന്നാലെ ആര് മത്സരിക്കണമെന്ന കാര്യത്തിലും പാര്‍ട്ടി തീരുമാനമെടുത്തു. ഇക്കുറി പി. ജയരാജന് മാത്രമായിരിക്കും മത്സരിക്കുക.
എം.വി. ജയരാജന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. പി. ജയരാജന് ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പയ്യന്നൂരോ, അഴീക്കോടോ ആയിരിക്കും പി. ജയരാജന് മത്സരിക്കാന്‍ സാധ്യത. അഴീക്കോട് പുതുമുഖത്തെ ഇറക്കാനാണ് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പി. ജയരാജനിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നാണ് കരുതുന്നത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വടകര ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായിരുന്നു പി. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു.
വടകര ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ. മുരളീധരനായിരുന്നു വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം പി. ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല തിരിച്ചു നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. എം.വി. ജയരാജനെ ജില്ലാ സെക്രട്ടറിയായി നിയോഗിക്കുകയായിരുന്നു.
ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരുവിഭാഗത്തിന് അമര്‍ഷമുണ്ട്. പി.ജയരാജനെ പാര്‍ട്ടിയില്‍ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വടകരയിലേക്ക് മത്സരത്തിനയച്ചതെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നല്കാഞ്ഞതെന്നുമായിരുന്നു ഇവരുടെ ആരോപണം.
പി. ജയരാജന് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു കിട്ടിയ ജനകീയതയില്‍ അസൂയാലുക്കാളായ ചിലരാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങളിലൊന്നും ഇടപെടാതെ താന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ സ്ഥാപിച്ച സാന്ത്വന പരിചരണ സ്ഥാപനമായ ഐആര്‍പിസിയുടെ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി നിര്‍ദേശിക്കുന്ന പരിപാടികളിലും സജീവമായി തുടരുകയായിരുന്നു പി. ജയരാജന്.
ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ജയരാജന് കോവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന വേളയില്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ ചുമതലക്കാരനും പി. ജയരാജനായിരുന്നു. പി. ജയരാജനെ ഒതുക്കിയെന്ന് പാര്‍ട്ടി അണികളില്‍ ചിലരും രാഷ്ട്രീയ എതിരാളികളും ഉന്നയിക്കുമ്പോള്‍ അതെല്ലാം വെറും പ്രചാരണങ്ങളെന്നാണ് സിപിഎം നേതൃത്വം പറഞ്ഞിരുന്നത്.
പി. ജയരാജന് സീറ്റ് നിഷേധിച്ചാല്‍ ആരോപണം ശരിയാണെന്നതിലേക്ക് വിരല്‍ ചൂണ്ടുമെന്നതിനാല് കൂടിയാണ് ജയരാജനെ മത്സരിപ്പിക്കുന്നതെന്നും പറയുന്നു.