കാഞ്ഞങ്ങാട്: പാര്ട്ടിയുടെ താത്പര്യത്തിലും നാടിന്റെ താത്പര്യത്തില്നിന്നു വ്യതിചലിക്കുന്നവര്ക്ക് സിപിഎമ്മില് സ്ഥാനമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്.
ഇ.പി.ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയില് അദ്ദേഹം ഉന്നയിച്ച ഗുരുതരമായ സാമ്പത്തിക ആരോപണം വലിയ ചര്ച്ചയാകുന്ന വേളയിലാണ് പി.ജയരാജന്റെ ഈ പ്രസ്താവന.
ഇന്നലെ കാഞ്ഞങ്ങാട് ഗാര്ഡര് വളപ്പില് സ്നേഹവീട് കൈമാറുന്ന ചടങ്ങില് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
കമ്യൂണിസ്റ്റ് പാര്ട്ടിയില് ചര്ച്ച നടന്നാല് പാര്ട്ടി തകരില്ല, പകരം ഊതിക്കാച്ചിയ സ്വര്ണംപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി. ജയരാജന് പറഞ്ഞു.
മാധ്യമവാര്ത്തകള് കണ്ടാല് സിപിഎമ്മില് എന്തോ കുഴപ്പം നടക്കാന് പോകുന്നപോലെ തോന്നും.
സിപിഎം കോണ്ഗ്രസിനേയോ ലീഗിനെയോ ബിജെപിയോ പോലെയല്ല. പാര്ട്ടിയിലേക്ക് വരുന്ന ഓരോ അംഗവും ഒപ്പിട്ടുനല്കുന്ന ഒരു പ്രതിജ്ഞയുണ്ട്.
വ്യക്തിതാത്പര്യം പാര്ട്ടിയുടെയും സമൂഹത്തിന്റെയും താത്പര്യത്തിന് കീഴ്പെടുത്തണമെന്നാണത്. നാടിന്റെയും പാര്ട്ടിയുടെയും താത്പര്യത്തിന് കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാര്ട്ടിയംഗവും സ്വീകരിക്കേണ്ടത്.
സമൂഹത്തില് ജീര്ണതയുണ്ട്. അത് ഒരു പ്രവര്ത്തകനെ ബാധിക്കുമ്പോള് പാര്ട്ടി ചര്ച്ച ചെയ്യും. പാര്ട്ടി നിലപാടില് നിന്നും വ്യതിചലിച്ചാല് തിരുത്താന് ആവശ്യപ്പെടും.
തിരുത്താത്തവര്ക്ക് പാര്ട്ടിയില് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും. അതാണ് പാര്ട്ടിയുടെ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.