ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മാപ്പു പറയണം, ആഞ്ഞടിച്ച് പി. ജയരാജന്‍

കാഷ്മീരില്‍ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരുകൂട്ടം ആളുകള്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താലിനെതിരേ ആഞ്ഞടിച്ച് സിപിഎം നേതാവ് പി. ജയരാജന്‍. ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോടു മാപ്പു പറയണമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജന്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാരിനെയും പോലീസിനെയും കുറ്റപ്പെടുത്താനാണ് ഇസ്ലാമിസ്റ്റ് സംഘടനകള്‍ ശ്രമിച്ചത്. സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് ബോധ്യമായില്ലേയെന്നും ജയരാജന്‍ ചോദിച്ചു.

അക്രമത്തില്‍ പങ്കെടുത്തവര്‍ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ചതിനു പോക്‌സോ നിയമം പ്രയോഗിച്ചതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇപ്പോള്‍ എന്താണു പറയാനുള്ളത്? അക്രമത്തിന്റെ ആസൂത്രകരായ ആര്‍എസ്എസുകാര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന് അവര്‍ ആവശ്യപ്പെടുമോ? ജയരാജന്‍ ചോദിച്ചു.

അതിനിടെ ജയരാജനെതിരേ ചില സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ആര്‍എസ്എസിനുവേണ്ടിയാണ് ജയരാജന്‍ സംസാരിക്കുന്നതെന്നാണ് ചിലരുടെ വാദം. അതേസമയം, സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ അറസ്റ്റിലായവര്‍ക്ക് പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിലും സര്‍ക്കാര്‍ ജോലി കാര്യത്തിലും തിരിച്ചടി ലഭിച്ചേക്കും.

Related posts