കണ്ണൂർ: സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയെന്ന വാർത്ത നിഷേധിച്ചും വിമർശന വാർത്ത ശരിവച്ചും സിപിഎം ജില്ലാ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഇന്നു രാവിലെ ജില്ലാകമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വളർത്തിവലുതാക്കിയ പാർട്ടിക്ക് വിമർശിക്കാനുള്ള അധികാരമുണ്ട്. വിമർശനവും സ്വയം വിമർശനവും കമ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രം പ്രത്യേകതയാണ്. വിമർശനങ്ങൾ ഉൾക്കൊള്ളുകയും തിരുത്തേണ്ടവ തിരുത്തിയും പ്രവർത്തിക്കും. സാധാരണ പാർട്ടി അംഗം മുതൽ ഉന്നതമായ പാർട്ടി ഘടകത്തിലെ അംഗം വരെ കമ്യൂണിസ്റ്റ് പാർട്ടിയിൽ വിമർശനത്തിന് വിധേയരാകാറുണ്ട്. അതുകൊണ്ട് തന്നെ വിമർശനം എന്നതിനെ ഊതിവീർപ്പിക്കേണ്ട കാര്യമില്ല. പാർട്ടിക്കകത്ത് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാറുണ്ട്. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്ത എല്ലാ കാര്യങ്ങളും പരസ്യമാക്കാൻ സാധ്യമല്ല. കണ്ണൂരിൽ മാത്രമായി പാർട്ടിക്ക് പ്രത്യേകതയൊന്നുമില്ല. അഖിലേന്ത്യ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കീഴിലുള്ള ഒരു ജില്ലാഘടകം മാത്രമാണ് കണ്ണൂരിലേത്. പാർട്ടി തീരുമാനമനുസരിച്ചുള്ള പരിപാടികളാണ് കണ്ണൂരിലും നടപ്പാക്കുന്നത്. തന്നെ പ്രശംസിച്ച് കൊണ്ട് കലാരൂപങ്ങളും മറ്റും പുറത്തിറങ്ങിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നും ജയരാജൻ പറഞ്ഞു.
പാർട്ടി നിലപാടിൽ കണ്ണൂരിൽ അണികളിൽ അമർഷം
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നീക്കത്തിനെതിരേ അണികൾക്കിടയിൽ വ്യാപക പ്രതിഷേധം. ഇന്നലെ രാത്രിയോടെ വാർത്ത പുറത്തു വന്നതിനു പിന്നാലെ ചില കേന്ദ്രങ്ങളിൽ പ്രവർത്തകർ ജയരാജന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്താൻ പോലും തയാറായിരുന്നു. എന്നാൽ ഇത് ജയരാജന് പ്രതികൂലമായി മാറുമെന്നു നേതാക്കൾ അണികളെ പറഞ്ഞു മനസിലാക്കി പിന്തിരിപ്പിക്കുകയായിരുന്നു.
അതേ സമയം ജയരാജനെതിരേ പാർട്ടി ശക്തമായ നടപടികളിലേക്കു നീങ്ങില്ലെന്നാണ് സൂചന. കണ്ണൂരിൽ സിപിഎം പ്രതിസന്ധി നേരിട്ട സമയത്തെല്ലാം പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടു പോകാൻ സാധിച്ചത് ജയരാജന്റെ കഴിവാണ്. ഇത് പാർട്ടിയും നേരത്തെ സമ്മതിച്ചിട്ടുണ്ട്. പാർട്ടിയെ അച്ചടക്കമുള്ള പ്രസ്ഥാനമാക്കി വളർത്തുന്നതിനൊപ്പം എതിർ ചേരികളിൽ നിന്നുള്ളവരെ പോലും പാർട്ടിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതും ജയരാജന്റെ പ്രവർത്തനനേട്ടമായാണ് പാർട്ടി നേരത്തെ വിലയിരുത്തിയത്. ബിജെപി നേതാക്കളായിരുന്ന ഒ.കെ. വാസു, അശോകൻ, ആർഎസ്എസ് നേതാവായിരുന്ന സുധീഷ് മിന്നി എന്നിവരെ സിപിഎമ്മിൽ എത്തിച്ചതിനു പിന്നിലും ജയരാജൻ തന്നെയായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ കടുത്ത നടപടിക്ക് പെട്ടെന്ന് നേതൃത്വം തയാറാവില്ലെന്നാണ് സൂചന.
അതേ സമയം പാർട്ടി ചെറിയ നടപടിയാണ് സ്വീകരിക്കുന്നതെങ്കിൽ പോലും അത് ജയരാജന്റെ രാഷ്ട്രീയഭാവിയെ ബാധിച്ചേക്കും. ഇത്തവണ കൂടി പാർട്ടി ജില്ലാ സെക്രട്ടറിയാവാനുള്ള സാധ്യത ജയരാജനുണ്ട്. എന്നാൽ പാർട്ടി കടുംപിടുത്തം പിടിച്ചാൽ ഈ സാധ്യത ഇല്ലാതാവും. നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ സ്വഭാവദൂഷ്യത്തിന് പാർട്ടിയിൽ നിന്നും പുറത്താക്കിയപ്പോൾ ആക്ടിംഗ് സെക്രട്ടറിയായി പാർട്ടി നിയോഗിച്ചത് ജയരാജനെയായിരുന്നു. തുടർന്ന് 2011ലെ പയ്യന്നൂർ സമ്മേളനവും 2014ലെ കൂത്തുപറന്പ് സമ്മേളനവും ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.
ജയരാജൻ പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുകയാണെന്നായിരുന്നു സംസ്ഥാനസമിതി യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. പി. ജയരാജന്റെ ജീവിതം പ്രമേയമാക്കി ആൽബം ഉൾപ്പെടെയുള്ളവ പുറത്തിറങ്ങിയിട്ടുണ്ട്. ഇതും പ്രധാന ചർച്ചയായി. പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച ആൽബത്തിൽ ജയരാജനെ പി. കൃഷ്ണപിള്ളയുടെ പ്രവർത്തനരീതിയോടാണ് ഉപമിക്കുന്നത്. കണ്ണൂരിൻ കണ്ണായ ധീര സഖാവേ, കൈരളിക്കഭിമാനം ധീര സഖാവേ… എന്നു തുടങ്ങുന്ന 15 മിനുട്ട് ദൈർഘ്യമുള്ള ആൽബത്തിൽ ചെഞ്ചോര പൊൻകതിരല്ലേ…..ചെമ്മണ്ണിൻ മാനം കാക്കും പൂമരമല്ലേ.. എന്നിങ്ങനെ ജയരാജനെ വിശേഷിപ്പിക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും ജയരാജന്റെ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ അണികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ തുടർച്ചയായി ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് തടയാൻ ആവശ്യമായ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. നവമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ മഹത്വവത്കരിച്ചു പ്രചാരണം നടത്തുന്നതു തടയാൻ പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല. ഇത്തരം പ്രവർത്തനങ്ങൾക്ക് ജയരാജൻ മൗനാനുവാദം നൽകിയെന്നും പാർട്ടി വിലയിരുത്തുന്നു.
സിപിഎമ്മിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം, സാന്ത്വന പരിചരണ വിഭാഗം, ശ്രീകൃഷ്ണ ജയന്തിക്കു ബദലായി സാംസ്കാരിക ഘോഷയാത്ര എന്നിവയെല്ലാം ആരംഭിച്ചത് കണ്ണൂരിലാണ്. ജില്ലാ സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇത്തരം പരിപാടികൾ ആവിഷ്കരിച്ചത്. ഏറ്റവും ഒടുവിൽ സേനാവിഭാഗങ്ങളിലേക്ക് ജോലിക്കായി യുവാക്കളെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോ അറിവോ ഇല്ലാതെ ജില്ലാ സെക്രട്ടറിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇതിനെല്ലാം തുടക്കം കുറിച്ചതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മാറ്റങ്ങൾ കണ്ണൂരിൽനിന്ന് ആരംഭിക്കണമെന്ന നിലപാടാണ് ജയരാജൻ സ്വീകരിക്കുന്നതെന്നും ചില കേന്ദ്രങ്ങിൽ നിന്നും ആരോപണമുണ്ട്.
സംസ്ഥാന ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള ജില്ലാ സെക്രട്ടറിയാണ് പി. ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനുമാണ്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെക്കാളും പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയനെക്കാളും വലിയ നേതാവെന്ന രീതിയിലാണ് പി. ജയരാജന്റെ പ്രവർത്തനരീതിയെന്നും വിമർശനം ഉയർന്നിരുന്നു. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടികളിലെ പ്രസംഗങ്ങളിൽ ഇവരെക്കാളും കൈയടി പലപ്പോഴും ജയരാജന് ലഭിക്കാറുണ്ട്.
നേരത്തെ പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് സിപിഎം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. സാധാരണ ഗതിയിൽ മാർച്ച് പോലീസ് സ്റ്റേഷന്റെ ഗേറ്റിനു സമീപമാണ് നടത്താറെങ്കിൽ പ്രവർത്തകർ സ്റ്റേഷൻ വളപ്പിൽ കടക്കുകയും സ്റ്റേഷൻ വരാന്തയിൽ നിന്നുകൊണ്ട് ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഇത് ഏറെ വിമർശനത്തിന് വഴിവച്ചിരുന്നു. സിപിഎമ്മിന്റെ ഭരണത്തിൽ പാർട്ടി സെക്രട്ടറി തന്നെ പോലീസ് സ്റ്റേഷൻ വരാന്തയിൽ നിന്ന് സമരം ഉദ്ഘാടനം ചെയതത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി പാർട്ടി വിലയിരുത്തിയിരുന്നു.
ജയരാജനെതിരേയുള്ള റിപ്പോർട്ട്ക ണ്ണൂരിൽ മുങ്ങിയേക്കും
സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കണ്ണൂരിലെ പാർട്ടി കമ്മിറ്റികളിൽ വലിയ ചർച്ചയാകില്ലെന്നു സൂചന. ഏരിയാ സമ്മേളനങ്ങളിൽ റിപ്പോർട്ട് വായിക്കണമെന്നാണ് നിർദേശമെങ്കിലും കണ്ണൂരിൽ പലയിടങ്ങളിലും ഇതു മുങ്ങാനാണ് സാധ്യതയെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ നൽകുന്ന സൂചന. സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനെതിരേ ഏരിയാ സമ്മേളനങ്ങളിൽ വിമർശനവും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
സംഘപരിവാർ വെട്ടി നുറുക്കിയതിനെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ വകവെക്കാതെ പാർട്ടിക്കു വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ജയരാജന്റെ ത്യാഗം എന്തു തന്നെയായാലും മഹത്താണെന്നാണ് കണ്ണൂരിലെ ബഹുഭൂരിപക്ഷം പാർട്ടി പ്രവർത്തകരുടെയും വിലയിരുത്തൽ. ജയരാജന്റെ സംഘാടക മികവിനു മുന്നിൽ നിഷ്പ്രഭരായ കണ്ണൂരിൽ നിന്നുള്ള ചിലർ തന്നെയാണ് വിമർശനത്തിനു പിന്നിൽ പ്രവർത്തിച്ചതന്നും അണികൾക്കിടയിൽ സംസാരമുണ്ട്. പാർട്ടിയിലെ മറ്റു പലരും നേതാവ് ചമഞ്ഞ് നടക്കുന്പോൾ പി. ജയരാജൻ അണികൾക്കിടിയിലാണ് പ്രവർത്തിക്കുന്നത്. ഇത്തരം ഒരു നേതാവിനെതിരേ നടപടി സ്വീകരിച്ചാൽ അത് കണ്ണൂരിലെ പാർട്ടിയെ തന്നെ ബാധിച്ചേക്കുമെന്നു പാർട്ടിഘടകത്തിലെ ഒരു നേതാവ് പറഞ്ഞു.