തലശേരി: സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി.ജയരാജൻ.
തലശേരി പഴയ ബസ്സ്റ്റാൻഡിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നസീറിനെ ആക്രമിച്ച സംഭവത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വിഷയത്തിൽ സിപിഎമ്മിനെതിരേ പ്രസ്താവനയും ഉപവാസവും നടത്തുന്ന കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ അവസ്ഥയും ജനങ്ങള്‍ ഓര്‍ക്കണം.
മഞ്ചേരിയില്‍ രാത്രി സമയത്ത് ഉടുതുണിയില്ലാതെ ഓടിയ നേതാവും കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി ഗള്‍ഫില്‍പോയി ബഹുകോടികള്‍ പിരിച്ച് മുക്കിയ നേതാവുമെല്ലാം ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. ഇവരെല്ലാമാണിപ്പോള് സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. തലശേരിയിൽ സാമൂഹ്യക്ഷേമപെന്ഷന് വിതരണത്തില്‍ ക്രമക്കേട് നടത്തിയെന്ന് ആക്ഷേപത്തില്‍ അന്വേഷിച്ച് കൃത്യമായ നടപടിയുണ്ടാവും.
സി.ഒ.ടി നസീര്‍ വധശ്രമത്തെ മറയാക്കി പാര്‍ട്ടിയെ കടന്നാക്രമിക്കാനും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമാണ് രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നത്. നസീറിന് പരിക്കേറ്റ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎമ്മും നസീറും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് നോക്കുന്നത്.നസീര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ബിജെപിക്കാരും മാര്‍ക്സിസ്റ്റ് അക്രമമെന്ന് പ്രചരിപ്പിച്ച് രംഗത്തെത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചതിനാലാണ് ആക്രമിച്ചതെന്ന് പ്രചരിപ്പിച്ചു. ജയരാജന്റെ പേര് പറഞ്ഞാല്‍ മതി കേന്ദ്രസഹായമടക്കം ലഭിക്കുമെന്ന് പറഞ്ഞവരുണ്ട്. അക്രമവിരുദ്ധ ഉപവാസസമരത്തില്‍ നസീറിനെ എത്തിക്കാനും ശ്രമിച്ചു. നസീര്‍ സ്ഥാനാര്‍ഥിയായതില്‍ സിപിഎമ്മിനോ സ്ഥാനാര്‍ഥിയായ തനിക്കോ ശത്രുതയുണ്ടാകേണ്ട യാതൊരു കാര്യവുമില്ല.
എതിരായി മത്സരിച്ചത് കൊണ്ട് സിപിഎം അദ്ദേഹത്തെ ആക്രമിച്ചുവെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനും പ്രഖ്യാപിച്ചത്. കോഴിക്കോട് ആശുപത്രിയില്‍ പോയി കണ്ടപ്പോള്‍ സിപിഎമ്മിന് ബന്ധമില്ലെന്നാണ് നസീര്‍ പറഞ്ഞത്. പാര്‍ട്ടിയുമായി ബന്ധമുള്ള ചിലര്‍ ഉള്‍പ്പെട്ടതായും പറഞ്ഞു. ഇപ്പോഴും അതേ നിലപാടില്‍ തന്നെയാണ് അദ്ദേഹമെന്നാണ് കരുതുന്നത്. സ്വതന്ത്രമായി അന്വേഷിച്ച് പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം പരസ്യമായി പറഞ്ഞതാണെന്നും ജയരാജൻ തുടർന്നു പറഞ്ഞു.
നസീര്‍ വധശ്രമത്തെ മറയാക്കി രാഷ്ട്രീയമുതലെടുപ്പിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പറഞ്ഞു. ഒരു വിധത്തിലുള്ള ശത്രുതയും നസീറിനോട് പാര്‍ട്ടിക്കുണ്ടായിരുന്നില്ല. നസീറിനെ ആശുപത്രിയില്‍ കിടന്നപ്പോള്‍ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ട് കാര്യങ്ങള്‍ തിരക്കുകയുമാണ് ചെയ്തത്.
നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. അന്വേഷണത്തില്‍ സിപിഎം ഒരുവിധത്തിലും ഇടപെടില്ല. എന്നാല്‍ സിപിഎം വിരുദ്ധരുടെ ഭീഷണിക്കോ മാധ്യമപ്രചാരണത്തിനോ വഴങ്ങി പോലീസ് നിലപാട് സ്വീകരിക്കരുത്.
സത്യസന്ധമായ അന്വേഷണത്തിലൂടെ നീതിനടപ്പാക്കണം. ശരിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് എം വി ജയരാജന് പറഞ്ഞു. എം.വി. ഗോവിന്ദൻ ,എ.എൻ ഷംസീർ എം എൽഎ, എം.സി പവിത്രൻ, പി.ശശി എന്നിവർ പ്രസംഗിച്ചു.