സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയോഗിച്ചതിനെതിരേ വിമർശനം ഉന്നയിച്ച പി. ജയരാജനെ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
പി. ശശിക്ക് ഒരു അയോഗ്യതയുമില്ലെന്നും ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിൽ വിവാദങ്ങളൊന്നുമില്ലെന്നും ഏകാഭിപ്രായത്തോടെയാണ് സിപിഎം സംസ്ഥാന സമിതി തീരുമാനമെടുത്തതെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്നും മുന്പ് ചെയ്ത തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടെന്നുമായിരുന്നു പി. ജയരാജൻ സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷ വിമർശനം നടത്തിയിരുന്നു.
ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഇ.പി. ജയരാജൻ ഇന്ന് മറുപടി നൽകിയത്.
തെറ്റുകൾ ആവർത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ലെന്നും ഒരാൾക്കെതിരേ പാർട്ടി നടപടിയെടുത്താൽ അത് ആജീവനാന്തമല്ലെന്നും ഇപി വ്യക്തമാക്കി.
പാർട്ടിയുടെ അച്ചടക്ക നടപടികൾ നശിപ്പിക്കാനല്ല, തെറ്റു തിരുത്തി ശരിയായ വഴിയിലേക്ക് വരാനാണ്.
പി.ശശി സംസ്ഥാനകമ്മിറ്റി അംഗമാണ് സംസ്ഥാന കമ്മിറ്റി അംഗത്തിന് എന്ത് അയോഗ്യതയാണുള്ളതെന്നും ഇ.പി ചോദിച്ചു.
മനുഷ്യരായി ജനിച്ചവർക്ക് തെറ്റുകൾ സംഭവിക്കും, തെറ്റുപറ്റാത്തവരായി ആരുണ്ട്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്ക് ചില പിശകുകൾ സംഭവിച്ചേക്കാമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
പല പാർട്ടികളും മുന്നണിയിലെത്തും
കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ ഇടത് മുന്നണി പ്രവേശം അപ്പോൾ ആലോചിക്കുമെന്ന് ഇ.പി. ജയരാജൻ. മുന്നണി വിപുലീകരണം എൽഡിഎഫിന്റെ നയമാണ്.
പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിലെത്തും. യുഡിഎഫിലേക്കു ചേക്കേറിയ ആർഎസ്പി പുനർചിന്തനം നടത്തണം.
യുഡിഎഫിൽ ഇപ്പോൾ ആർഎസ്പി ഒന്നുമല്ലാതായി. മാണി സി. കാപ്പൻ വന്നാലും സഹകരിപ്പിക്കും. എൽഡിഎഫ് നയം അംഗീകരിച്ചു വന്നാൽ പി.ജെ. കുര്യനുമായും സഹകരിക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.