എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: പുതിയ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത്തവണ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഒഴിവാക്കപ്പെട്ടതിന് പിന്നിൽ കണ്ണൂരിലെ ഷുഹൈബ് കൊലപാതകവും വ്യക്തിപൂജ വിവാദവും. സംസ്ഥാന സമിതിയിൽ മുതിർന്ന അംഗങ്ങളിൽ പ്രമുഖനായ പി ജയരാജൻ ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവരും കണ്ണൂരിലെ സിപിഎം നേതൃത്വവും ഏറെക്കുറെ ഉറപ്പിച്ചിരുന്നതാണ്.
എന്നാൽ പി ജയരാജനെ ഉൾപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ ഏറെക്കുറെ ധാരണയിലെത്തിയിരുന്നു. യുത്ത് കോണ്ഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം സംസ്ഥാന സർക്കാരിനെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുകയാണ്. കൊലപാതകത്തിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കരി അടക്കമുള്ളവർ പി ജയരാജനുമായി അടുത്ത ബന്ധമുള്ളവരാണ്.
ഈ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആകാശ് ഉൾപ്പെടയുള്ളവർക്ക് അനുകൂലമായി സംസാരിച്ചതും പോലീസ് അന്വേഷണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ അനിഷ്ടത്തിന് കാരണമായിരുന്നു. ഇതു സി.പി.എം സംസ്ഥാന സമ്മേളന വേദിയിൽ വച്ചു തന്നെ പിണറായി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സമ്മേളന ചർച്ചയിക്കിടയിൽ പി ജയരാജനെ മാറ്റി നിർത്തി പിണറായി കടുത്ത ഭാഷയിൽ ശാസിച്ചിരുന്നു.
ആഭ്യന്തര വകുപ്പിനെ വിമർശിച്ച പി ജയരാജന്റെ നടപടിയിൽ കോടിയേരി ബാലകൃഷ്ണനും എതിർപ്പു പ്രകടിപ്പിക്കുകയും ജയരാജന്റെ പ്രസ്താവനയെ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതു കൂടാതെ ജയരാജനെ പുകഴ്ത്തി കൊണ്ട് പുറത്തിറങ്ങിയ പാട്ടിനെ വ്യക്തിപൂജയായി കണ്ട് അതിനെ കടുത്ത ഭാഷയിൽ സംസ്ഥാന നേതൃത്വം വിമർശിക്കുകയും തള്ളിപ്പറയുകയും ചെയ്തിരുന്നു.
സ്വയം മഹത് വത്കിരിക്കാനുള്ള ശ്രമമാണെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയായി കണ്ട് അച്ചടക്ക നടപടി എന്ന നിലയിൽ പരസ്യ ശാസന നൽകുകയും ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ വി.വി ദക്ഷിണാമൂർത്തിയുടെ മരണത്തെ തുടർന്ന് ഒരൊഴിവ് ഉണ്ടായിരുന്നു. സ്വാഭാവികമായും ഈ ഒഴിവിലേയ്ക്ക് പി ജയരാജൻ വരുമെന്ന തരത്തിൽ വാർത്തയും പുറത്തു വന്നു.
സീനിയോറിറ്റി ഉൾപ്പടെ എല്ലാം മറികടന്ന് സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചത് എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൊല്ലം ജില്ലാ സെക്രട്ടറി കെ.എൻ ബാലഗോപാലും. ജില്ലാ സെക്രട്ടറിമാരിൽ ഏറ്റവും മികച്ചവരെയാണ് സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതെന്ന വാർത്തയും പുറത്തു വന്നതും ജയരാജനേയും അദ്ദേഹത്തിന്റെ അടുപ്പക്കാരേയും ഞെട്ടിച്ചിരിക്കുകയാണ്.
കണ്ണൂരിൽ നിന്നുള്ള സെക്രട്ടറിയേറ്റ് അംഗങ്ങൾ കൂടുതലായതിനാലാണ് പി ജയരാജനെ ഒഴിവാക്കിയതെന്ന വാദവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതൊന്നുമല്ല പിണറായിയുടെ അതൃപ്തിയാണ് ജയരാജന്റെ സെക്രട്ടറിയേറ്റ് പ്രവേശനത്തെ തടഞ്ഞതെന്ന് വ്യക്തമാണ്.
കണ്ണൂരിലെ പാർട്ടിയുടെ സമീപകാലത്തെ പോക്കിൽ മുഖ്യമന്ത്രിയ്ക്കും കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തിയാണ്. ഇക്കാര്യം സംസ്ഥാന സമിതിയിലും സമ്മേളനങ്ങളിലുമെല്ലാം പ്രതിഫലിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന് മുകളിലേയ്ക്ക് ജില്ലാ നേതൃത്വം വളരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് സംസ്ഥാന കേന്ദ്രനേതൃത്വങ്ങൾ.