മഞ്ചേരി:സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കേ പി. ജയരാജനെതിരെ വധഭീഷണി മുഴക്കി ഫേസ് ബുക്കിൽ പോസ്റ്റിട്ട കേസ് മഞ്ചേരി കോടതിയിൽ ഒത്തുതീർപ്പായി. ബിജെപി പ്രവർത്തകനായ എടവണ്ണ പറങ്ങോടൻ (അപ്പു-55) മാപ്പു പറഞ്ഞതിനെ തുടർന്നാണ് കേസിൽ തീർപ്പായത്.
പരാതിക്കാരനായ പി. ജയരാജനും കോടതിയിൽ ഹാജരായിരുന്നു. ഇന്നലെ കേസ് പരിഗണിച്ച മജിസ്ട്രേറ്റ് കോടതി നടപടികൾ ആരംഭിച്ചയുടനെ അപ്പു നിരുപാധികം മാപ്പുപറയുന്നുവെന്നു അറിയിച്ചു. തെറ്റുപറ്റി പോയതാണെന്നും പൊറുക്കണമെന്നും ഇനിമേലിൽ ആവർത്തിക്കില്ലെന്നും ജയരാജന്റെ കൈപിടിച്ചു പ്രതി മാപ്പുപറഞ്ഞു.
തുടർന്നു തെറ്റു മനസിലാക്കി ആത്മാർഥമായി മാപ്പു ചോദിച്ച സാഹചര്യത്തിൽ കോടതി നടപടികൾ അവസാനിപ്പിക്കാൻ സമ്മതമാണെന്നു പി. ജയരാജൻ കോടതിയെ അറിയിക്കുകയും ചെയ്തു. 2016 നവംബർ നാലിനു ആർഎസ്എസ് ആക്രമണങ്ങൾക്കു ഇരയായവരുടെ ഫോട്ടോ പ്രദർശനം സിപിഎം തിരുവനന്തപുരത്തു സംഘടിപ്പിച്ചിരുന്നു. തുടർന്നുപ്രദർശനം നോക്കി കാണുന്നതിന്റെ ചിത്രം പി. ജയരാജന്റെ തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനു താഴെയായാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. ’ഒരു നാൾ നിന്റെ ഫോട്ടോയും കാണാം’ എന്ന് എടവണ്ണ സ്വദേശിയായ പറങ്ങോടൻ (അപ്പു) പോസ്റ്റ് ചെയ്തതായി കാണിച്ചു പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകിയതോടെ എടവണ്ണ പോലീസ് കേസെടുത്തു. ഈ കേസിന്റെ വിചാരണയാണ് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്നത്.