കണ്ണൂർ: തന്റെ പേരിൽ ചിലർ നടത്തുന്ന “പിജെ’ ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആശാസ്യകരമല്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ. പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികൾ എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുതെന്നും പാർട്ടിക്കു യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങൾ പോലും പാർട്ടിയുടെ ചുമലിൽ ഇടാനാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നതെന്നും ജയരാൻ കുറ്റപ്പെടുത്തി.
നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാൻ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നത് സദുദ്ദേശത്തോടെയല്ലെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സാമൂഹമാധ്യമങ്ങളിൽ തുറന്ന സംവാദം അഭികാമ്യമാണ്. എന്നാൽ ഈ സംവാദങ്ങൾ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളിൽ ‘പിജെ’ എന്നതു ചേർത്തുകാണുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തിൽ സ്ഥാനാർഥിക്കു പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും സാമൂഹമാധ്യമങ്ങളിൽ ഇടപെട്ടിരുന്നു. അതു തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടതുപക്ഷത്തെ സഹായിച്ചു.
എന്നാൽ തെരഞ്ഞെടുപ്പിനുശേഷം മേൽപ്പറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകൾ സിപിഐ(എം)ന്റെ നിലപാടുകളിൽനിന്നു വ്യത്യസ്തമായ പ്രചരണങ്ങൾ നടത്തുന്നതായി മനസിലാക്കുന്നു. ഇത് ആശാസ്യമല്ല. അതിനാൽ ‘പിജെ’ എന്നത് എന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകൾ അതിന്റെ പേരിൽ മാറ്റം വരുത്തണം.
സിപിഐ(എം) മെന്പർമാർ അഭിപ്രായങ്ങൾ അവരവരുടെ പാർട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. പാർട്ടിയെ സ്നേഹിക്കുന്ന അനുഭാവികളും എതിരാളികൾക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. സിപിഐ(എം) അനുകൂല പ്രചരണം നടത്തുന്ന ഫേസ്ബുക്ക് പേജുകളിൽ ചിലത് ചില ഘട്ടങ്ങളിൽ പാർട്ടിവിരുദ്ധ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. ഇതും തിരുത്തണം.
ഏത് വിഷയവും പാർട്ടിയെ അടിക്കാനുള്ള ആയുധമായാണ് എതിരാളികൾ പ്രയോജനപ്പെടുത്തുന്നത്. കോണ്ഗ്രസിന്റെ സമുന്നതരായ നേതാക്കൾ സ്ത്രീപീഡന -അഴിമതി കേസുകളിൽ പ്രതികളായിട്ടും ഉന്നത നേതാക്കളായി തന്നെ തുടരുകയാണ്. ഇതു ബിജെപിക്കും ബാധകമാണ്. അവരുടെ പേരുകൾ നാട്ടിലാകെ ജനങ്ങൾക്കറിയാം.
ഇത്തരം വിഷയങ്ങളിൽ സാധാരണ മെന്പർക്കെതിരെ പോലും ആരോപണം ഉയർന്നാൽ അന്വേഷിച്ചു നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഐ(എം). എന്നാൽ പാർട്ടിക്ക് യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങൾ പോലും പാർട്ടിയുടെ ചുമലിൽ ഇടാനാണു വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നത്.
മക്കൾ ചെയ്ത കുറ്റത്തിന്റെ പേരിൽ പാർട്ടി നേതാവായ അച്ഛനെയും അച്ഛന്റെ പാർട്ടിയേയും ആക്രമിക്കുന്നതു തുടരുകയാണ്. മാത്രമല്ല നേതാക്ക·ാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ചു നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാൻ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ട്.
അതിന്റെ ഭാഗമായി എന്റെ ഒരു മകൻ ഏതോ ഒരവസരത്തിൽ കല്ലു ചുമന്നതും മറ്റൊരു മകൻ ഹോട്ടൽ ജോലി ചെയ്യുന്നതും അവരുടെ സുഹത്തുക്കൾ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കൾ വ്യത്യസ്ത തട്ടുകളിലാണെന്നു പ്രചരിപ്പിക്കുന്നുണ്ട്.
ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. കോണ്ഗ്രസ്-ബിജെപി-മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളിൽനിന്ന് വ്യത്യസ്തമായ പാർട്ടിയാണു സിപിഐ(എം).വ ിമർശനവും സ്വയം വിമർശനവും പാർട്ടിയുടെ മുഖമുദ്രയാണ്. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജീവസുറ്റതാക്കുന്നത്.
ഇങ്ങനെ പാർട്ടിക്കകത്തുള്ള തെറ്റുതിരുത്തൽ നടപടികളിലൂടെ മുന്നോട്ടു പോകുന്ന സിപിഐ(എം) ജനങ്ങൾക്കു മുന്നിൽ മാതൃകയായ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്റെ വേറിട്ട അസ്തിത്വം നിലനിൽക്കേണ്ടത് സമൂഹത്തിനാകെ ആവശ്യമാണ്. ഇന്നത്തെ ഇരുണ്ട കാലത്തെ വെളിച്ചമാണ് സിപിഐ(എം).
ഈ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുർബലപ്പെടുത്തുന്നതിനും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനും സഹായകരമായ ഒരു നിലപാടും പാർട്ടി മെന്പർമാരും പാർട്ടി ബന്ധുക്കളും സ്വീകരിക്കരുതെന്ന് അഭ്യർഥിക്കുന്നു.