കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. ചക്കരക്കല്ല് മേഖലയിലെ ആർവി മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പി. ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും ജയരാജൻ എന്നും ജനമനസിൽ നിറഞ്ഞുനിൽക്കുമെന്നുമാണ് ഫ്ലക്സ് ബോർഡിലുള്ളത്.
സിപിഎം ശക്തി കേന്ദ്രത്തിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. മധുരയിലെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് പി. ജയരാജൻ ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. പി. ജയരാജനെ ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതേസമയം, വ്യക്തി കേന്ദ്രീകൃതമായ പ്രചാരണങ്ങൾ സിപിഎം നേരത്തെ വിലക്കിയിരുന്നു.
ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലും മധുരയിൽ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലും പി. ജയരാജനെ ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റിൽ ജയരാജനെ ഉൾപ്പെടുത്താത്തത് അണികൾക്കിടയിൽ ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു.