നിശാന്ത് ഘോഷ്
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെന്ന ക്യാപ്റ്റനെക്കാളും ഉയരത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ബോര്‍ഡ് സ്ഥാപിച്ച് കണ്ണൂര്‍ അമ്പാടിമുക്കിലെ സഖാക്കള്‍.
ഇടത് കൈ ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന പി. ജയരാജന്റെ കൂറ്റന്‍ ബോര്‍ഡാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതിന് താഴെയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജയരാജന്റെ ബോര്ഡിനെക്കാളും പകുതിയോളമേ വരികയുള്ളൂ.
സിറ്റിംഗ് എംഎല്‍എയായിരുന്ന കെ.എം. ഷാജിയ പരാജയപ്പെടുത്തി അഴീക്കോട് മണ്ഡലം സിപിഎമ്മിനും എല്‍ഡിഎഫിനും തിരിച്ചു പിടിച്ചു കൊടുത്ത മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷിന്റെ ചിത്രവും ജയരാജന്റെ ബോര്ഡിലിടം പിടിച്ചിട്ടുണ്ട്.
പച്ച തുരുത്തില് നിന്നും അഴീക്കോടിനെ ചുവപ്പിക്കാന്‍ നേതൃത്വം നല്കിയ സഖാവ് പി. ജയരാജേട്ടന് അഭിവാദ്യങ്ങള്‍ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
അതേ സമയം ജയിച്ച സ്ഥാനാര്‍ഥിക്കോ പിണറായി വിജയനോ അഭിവാദ്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടമില്ല. തൊട്ടടുത്ത പിണറായി വിജയന്റെ ബോര്‍ഡില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം മാത്രമാണുള്ളത്.
ഇതാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡു മാത്രവുമാണ്. ഇന്നലെ എല്‍ഡിഎഫ് വിജയദിനം ആഘോഷിച്ചപ്പോള്‍ ഇവിടെയും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
സംഘപരിവാര്‍ കേന്ദ്രമായിരുന്ന അമ്പാടിമുക്കിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ജയരാജന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കേ സിപിഎമ്മിലെത്തിച്ചിരുന്നു.
അഴീക്കോട് സീറ്റ് പരിഗണന പട്ടികയില്‍ പി. ജയരാജന്റെ പേര് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും അവസാനം കെ.വി. സുമേഷിനായിരുന്നു നറുക്ക് വീണത്.
പി. ജയരാജന് അനുകൂലികളുടെ പ്രതിഷേധം ശമിപ്പിക്കാന്‍ പാര്‍ട്ടി അഴീക്കോടിന്റെ ചുമതല പി. ജയരാജനെ ഏല്പിക്കുന്നതാണ് പിന്നീട് കണ്ടത്.
താന്‍ വളര്‍ത്തിക്കൊണ്ടു വന്ന യുവനേതാവ് കെ.വി. സുമേഷിനായി കൃത്യമായ കാഴ്ചപ്പാടോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ പി. ജയരാജന്റെ സംഘടനാപരമായ മികവ് കൂടിയായിരുന്ന സുമഷിന്റെ വിജയത്തിനു കാരണമായതും.