കണ്ണൂരിലെ ചെന്താരകം പി. ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ വന്‍ വഴിത്തിരിവാണ് ഈ ലോക്സഭാ ഇലക്ഷന് ഉണ്ടാക്കിയത്. ജില്ലാ സെക്രട്ടറിയായി അണികളില്‍ ആവേശം വിതറി വിലസിയിരുന്ന ജയരാജനെ ഒതുക്കാന്‍ വേണ്ടിയാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന വിലയിരുത്തലുകള്‍ മുമ്പേ തന്നെയുണ്ടായിരുന്നു. ആ പഴയ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന് ഇനിയൊരിക്കലും കിട്ടില്ലെന്ന് ഉറപ്പായി.കേരളാ ബാങ്ക് ചെയര്മാന് സ്ഥാനമാണ് പകരം വാഗ്ദാനം ചെയ്തതെങ്കിലും തനിക്ക് ഒരു പദവിയും വേണ്ടെന്നാണ് ജയരാജന്റെ നിലപാട്.
ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ ഉന്നത നേതാവിനെ മത്സരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമായിരുന്നുവെന്നാണ് ആരോപണം. കണ്ണൂരിലെ പാര്‍ട്ടി കൈവിട്ടു പോകുന്ന ഭയത്തിലുണ്ടായ നീക്കമാണ് ഇതെന്നാണ് ആക്ഷേപം. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴുണ്ടായ സംഭവങ്ങളെന്നാണ് ആരോപണം. ഇത് മനസ്സിലാക്കിയാണ് തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ടെന്ന് നേതൃത്വത്തെ ജയരാജന് അറിയിക്കുന്നത്. ജയരാജന് ജനപിന്തുണയില്ലെന്ന് വരുത്താനുള്ള നീക്കമാണ് വടകരയില്‍ നടന്നത്. കെ മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. മുരളീധരന് ഡിഐസിയായിരുന്ന സമയത്ത് ഇടതുപക്ഷത്ത് എത്തിക്കാന്‍ ചരട് വലികള്‍ നടത്തിയത് പിണറായി ആണെന്നും ലാവ്ലിനുമായി ബന്ധപ്പെട്ട് പിണറായിയെ രക്ഷിച്ചതും മുരളീധരനാണെന്ന ആരോപണം ശക്തമായിരുന്നു.
അതുകൊണ്ട് തന്നെ വടകരയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി മുരളീധരന് എത്തിയതിലും വിജയിച്ചതിലും ജയരാജന്റെ അനുയായികള്‍ക്ക് സംശയമുണ്ട്. പാര്‍ട്ടി സംവിധാനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ജയരാജന് തോറ്റു. ഇതിന് പിന്നില്‍ അടിയൊഴുക്കല്ലെന്നും അട്ടിമറിയാണെന്നും ജയരാജന്റെ വിശ്വസ്തര്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ജയരാജന് സ്വഭാവികമായും ജില്ലാ സെക്രട്ടറി സ്ഥാനം ആവശ്യപ്പെടുമെന്നറിയാവുന്നതിനാല് അത് തടയാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തകൃതിയായിരുന്നു. ഇതിനു പിന്നില്‍ കളിച്ചതും പിണറായി തന്നെയായിരുന്നുവെന്ന് ആരോപണം. ജയരാജന് ജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ കൈകളില്‍ പുരണ്ട അക്രമ രാഷ്ട്രീയത്തിന്റെ ചോര തുടച്ചു മാറ്റാമെന്നു പറഞ്ഞായിരുന്നു ജയരാജനെ മത്സരിപ്പിച്ചത്.
അക്രമ രാഷ്ട്രീയത്തിന്റെ ഇരയെന്ന നിലയിലാണ് സിപിഎം വടകരയില്‍ ജയരാജനെ അവതരിപ്പിച്ചത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഎം കണ്ണൂര്‍ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണെന്ന രീതിയില്‍ എതിരാളികള്‍ പ്രചാരണം നടത്തി. ഇതാണ് ജനം ഏറ്റെടുത്തത്. കെ മുരളീധരനെ പോലുള്ള സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായെത്തിയപ്പോള്‍ തന്നെ സിപിഎം വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ ചോര വീണ മണ്ണില്‍ ജയരാജന് അടിതെറ്റി. തനിക്ക് സിപിഎമ്മുകാരുടേയും വോട്ട് കിട്ടിയെന്ന് മുരളീധരനും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഒ്ത്തുകളി സംശയിക്കുകയാണ് വടകരയിലെ സിപിഎം അണികള്‍.
അണികളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നതിനാല് ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറിയെ മാറ്റാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ തക്കം പാര്‍ത്തിരുന്ന പിണറായി ലോക്സഭാ തെരഞ്ഞെടുപ്പ് പരമാവധി മുതലെടുത്തുവെന്നാണ് അണികള്‍ വിശ്വസിക്കുന്നത്. കോട്ടയത്തും ജില്ലാ സെക്രട്ടറിയാണ് മത്സരിച്ചത്. എന്നാല്‍ വി എന്‍ വാസവനില്‍ നിന്ന് ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തില്ല. മറിച്ച് പകരം ചുമതല നല്‍കുകയാണ് ചെയ്തത്.
എന്നാല്‍ ലോക്സഭാ മത്സരത്തിന് ഇറങ്ങിയ ജയരാജനില്‍ നിന്ന് സെക്രട്ടറി സ്ഥാനം എടുത്തു മാറ്റി. പകരം പിണറായിയുടെ വിശ്വസ്തനായ എംവി ജയരാജന് എത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിക്കാനിറങ്ങിയവരോട് വടകരയിലെ അഞ്ച് മണ്ഡലങ്ങള്‍ കോഴിക്കോടാണെന്നും ജയിക്കുന്നതോടെ ജയരാജന്റെ പ്രവര്‍ത്തന മേഖല കണ്ണൂരിന് പുറത്താകുമെന്നും നേതൃത്വം വിശദീകരിച്ചു. അങ്ങനെ തന്ത്രപരമായി മാറ്റുകയാണ് ചെയ്തത്. സ്ഥാനമൊഴിയുമ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒന്നരവര്‍ഷത്തെ കാലാവധി ജയരാജന് ബാക്കിയുണ്ടായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്റെ രാഷ്ട്രീയജീവിതം തന്നെ ചോദ്യചിഹ്നമാവുകയാണ്.