കണ്ണൂർ: തന്റെ പേരുമായി ബന്ധപ്പെടുത്തി പി.ജെ. ആർമി എന്ന സമൂഹമാധ്യമത്തിലൂടെയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് തനിക്കൊരു ബന്ധവുമില്ലെന്നു പി. ജയരാജൻ.
പിജെ ആർമി എന്ന പേരിൽ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് തനിക്ക് ഒരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് .
തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്.
അതിനിടയിൽ സാമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായപ്രകടനങ്ങൾ നടന്നുവരുന്നതായി മനസിലാക്കുന്നു.
ഒരു പാർട്ടിപ്രവർത്തകൻ എന്ന നിലയ്ക്ക് ഏതു ചുമതല നൽകണം എന്നതു പാർട്ടിയാണ് തീരുമാനിക്കുക.
അങ്ങനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനയ്ക്കു വെളിയിലുള്ള ആർക്കും സാധ്യമാകുകയില്ല.
അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ടുനിൽക്കണമെന്നും പി. ജയരാജൻ പറഞ്ഞു.