തളിപ്പറമ്പ്: പ്രവാസി വ്യവസായി സാജന്റെ മരണം സംബന്ധിച്ച വിഷയത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്. ഈ വിഷയത്തില്‍ സിപിഎം ആവശ്യമായ തിരുത്തല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്യാമള രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പറഞ്ഞു. ധര്‍മശാലയില്‍ സിപിഎം നടത്തിയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും.
നഗരസഭാ സെക്രട്ടറിയുടെ ക്രൂരമായ അനാസ്ഥയാണ് സാജന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് പി. ജയരാജന് പറഞ്ഞു. ചെയര്‍പേഴ്സണ്‍ പറഞ്ഞിട്ടും അനുസരിക്കാത്ത ഉദ്യോഗസ്ഥനായിരുന്നു മുനിസിപ്പല്‍ സെക്രട്ടറി. ഭരണ നേതൃത്വത്തിന് ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നത് മാത്രം കേട്ടു നടക്കേണ്ടവരല്ല ജനപ്രതിനിധികള്‍. ഉദ്യോഗസ്ഥര്‍ക്കു മേല്‍ ജനപ്രതിനിധികള്‍ക്ക് നിയന്ത്രണം വേണം.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ജനപ്രതിനിധികള്‍. ഉദ്യോഗസ്ഥരുടെ അനാസ്ഥ ഇല്ലാതാക്കി അതിവേഗം അനുമതി നല്‍കേണ്ടത് ഭരണകര്‍ത്താക്കളാണ്. ശ്യാമളയ്ക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടാല്‍ തിരുത്താന്‍ കഴിയണമായിരുന്നു. അധ്യക്ഷ എന്ന നിലയില്‍ അതിന് സാധിച്ചിട്ടില്ല.
പാര്‍ട്ടി ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ ചെയര്‍പേഴ്സണും ഭരണ സമിതിക്കും കഴിയണം. കണ്വന്ഷന് സെന്ററിന്റെ കാര്യത്തില്‍ ന്യായീകരിക്കാനാവാത്ത കാലതാമസമുണ്ടായെന്നും ജയരാജന് കുറ്റപ്പെടുത്തി. സാജന് സഹായം അഭ്യര്‍ഥിച്ചു വന്നപ്പോള്‍ത്തന്നെ വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇടപെട്ടിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ചാല്‍ കാലതാമസമുണ്ടാവരുത്. ഒരു കെട്ടിടത്തിന്റെ കാര്യത്തില്‍ സാങ്കേതികമായി അഭിപ്രായം പറയാന്‍ യോഗ്യത മുനിസിപ്പല്‍ എൻജിനിയറിംഗ് വിഭാഗത്തിനാണ്. അവര്‍ ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ സെക്രട്ടറിക്ക് മറ്റൊരു തീരുമാനത്തിനു സാധ്യതയില്ല. മാത്രമല്ല, ഈ വിഷയത്തില്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞിട്ടും സെക്രട്ടറി ലൈസന്‍സ് നല്കാന് തയാറായില്ല.
സാജന്റെ ആത്മഹത്യയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കട്ടെ. നഗരസഭയില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് ഹൈക്കോടതിയുടെ അന്വേഷണത്തില്‍ വരും. ഇതിനെല്ലാം പുറമെ പാര്‍ട്ടിയുടെ പരിശോധനയും ഉണ്ടാകും. ശ്യാമള പാര്‍ട്ടിയെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എം.വി. ജയരാജന് പറഞ്ഞു.
തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം എം.വി. ജനാര്ദനന് അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എംഎല്‍എ, ടി.കെ. ഗോവിന്ദന്, പി. മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു. ശ്യാമള വേദിയിൽ സന്നിഹിതയായിരുന്നുവെങ്കിലും പ്രസംഗിച്ചില്ല.