തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കെ.എം. ഷാജിയാണ് നോട്ടീസ് നൽകിയത്. വ്യവസായിയുടെ ആത്മഹത്യ അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
ആന്തൂർ നഗരസഭാ അധ്യക്ഷക്ക് ധിക്കാരമാണ്. സാജൻ ഒരു രക്തസാക്ഷിയാണെന്നും അതിൽ നിയമസഭയിലുള്ള 140 അംഗങ്ങൾക്കും പങ്കെന്നും കെ.എം.ഷാജി ആരോപിച്ചു. പി.ജയരാജനെ പ്രവാസി വ്യവസായി കണ്ട് പരാതി നൽകിയതാണ് നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയെ ചൊടിപ്പിച്ചത്. സിപിഎമ്മിന് സംസ്ഥാനത്ത് അമ്യൂസ്മെന്റ് പാർക്കുകൾ നിർമ്മിക്കാം.
എന്നാൽ പ്രവാസി വ്യവസായികൾക്ക് വ്യവസായ സംരംഭം ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും ഷാജി പറഞ്ഞു. പി.ജയരാജനെ അനുകൂലിച്ചാലും എതിർത്താലും കൊല്ലപ്പെടുന്ന സ്ഥിതിയാണ് കണ്ണൂരിലുള്ളതെന്നും അടിയന്തര പ്രമേയ നോട്ടീസിൽ കെ.എം. ഷാജി ആരോപിച്ചു.