കോഴിക്കോട്: അട്ടപ്പാടി ഏറ്റുമുട്ടൽ കൊല, യുഎപിഎ വിഷയങ്ങളിൽ യുഡിഎഫിനെ ആക്രമിച്ചും സിപിഐക്കെതിരേ ഒളിയന്പെയ്തും സിപിഎം നേതാവ് പി. ജയരാജൻ. മാവോയിസ്റ്റുകളാണ് യഥാർഥ വിപ്ലവകാരികളെന്നു പ്രചരിപ്പിക്കുവാൻ ചിലർ ശ്രമിക്കുന്നു എന്നാരോപിച്ച ജയരാജൻ, അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർഭാഗത്ത് വീട്ടിലെ പൂച്ചയും മണം പിടിച്ചുവന്നെന്നും പരിഹസിച്ചു.
വലതുപക്ഷ മാധ്യമങ്ങൾ ഇന്ന് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന സമീപനമാണു സ്വീകരിക്കുന്നത് 1970-ൽ നക്സൽ നേതാവ് വർഗീസിനെ കൊന്നത് യഥാർഥ ഏറ്റുമുട്ടലിലാണ് എന്നു പറഞ്ഞവരാണ് ഇന്ന് അട്ടപ്പാടിയിലേതു വ്യാജ ഏറ്റുമുട്ടലാണെന്നു പറയുന്നത്.
മാവോയിസ്റ്റുകളാണ് യഥാർഥ വിപ്ലവകാരികളെന്നു പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. ഇതിലറിയാതെ പെട്ടുപോകുന്നവരുമുണ്ട്. എന്നിരുന്നാലും അവർക്കെതിരെ യുഎപിഎ പോലുള്ള കരിനിയമങ്ങൾ പ്രയോഗിക്കരുതെന്നാണ് എൽഡിഎഫ് സർക്കാരിന്റെ സമീപനമെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
യുഎപിഎ വിരുദ്ധ പ്രചരണവുമായി കോണ്‍ഗ്രസുകാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. രണ്ടാം മോദി സർക്കാർ ഏതു പൗരനെയും ഭീകരനായി മുദ്രയടിച്ചു തടങ്കലിലിടാൻ നിയമം കൊണ്ടുവന്നപ്പോൾ എതിർക്കാത്ത കോണ്‍ഗ്രസാണ് എൽഡിഎഫ് സർക്കാരിനെതിരേ പ്രസ്താവന നടത്തുന്നത്.
അയൽവക്കത്തെ പൂച്ചകൾ മാത്രമല്ല, വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ നടന്ന വനാന്തർഭാഗത്ത് മണം പിടിച്ചു വന്നു എന്നതാണു കൗതുകകരം. വീട്ടിലെ പൂച്ചക്കു കാര്യം പിടികിട്ടിയില്ലെന്നു തോന്നുന്നെന്നും സിപിഐയെ ഉന്നംവച്ച് ജയരാജൻ പരിഹസിച്ചു.
വ്യാജ ഏറ്റമുട്ടൽ കഥകൾ ഉത്തരേന്ത്യയിലാണ് നടക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ അർധരാത്രിയിൽ വിജനമായ സ്ഥലത്ത് കൊണ്ടുപോയി വെടിവച്ചുകൊന്ന് ഏറ്റുമുട്ടൽ കഥ പ്രചരിപ്പിക്കലാണ് അവിടെ ചെയ്യുന്നത്. ഇവിടെ കേരളത്തിൽ ബംഗാളിൽ ചെയ്തതു പോലെ എൽഡിഎഫ് സർക്കാരിനെ ഉന്നംവച്ചാണു മാവോയിസ്റ്റുകൾ എകെ 47 തോക്കുകളുമായി വരുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.