കണ്ണൂർ: സംഘപരിവാറിനെതിരേ പ്രവർത്തിക്കുന്നവരെ സിബിഐയെ ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കി ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന മോഹം നടക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. പയ്യാന്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റുകാർ ഫാസിസ്റ്റ് തന്ത്രത്തിനെതിരായി പ്രവർത്തിക്കുന്നവരാണ്.
കേരളത്തെ ഗുജറാത്ത് ആക്കി മാറ്റാൻ കുറെ കാലങ്ങളായി സംഘപരിവാർ ശ്രമിക്കുകയാണ്. ഭക്തിയെയും വിശ്വാസത്തേയും രാഷ്ട്രീയ നേട്ടത്തിനായി ഇവർ ഉപയോഗപ്പെടുത്തുന്നു. വിശ്വാസികളുടെയും ഭക്തൻമാരുടെയും ഇടയിൽ മതഭ്രാന്ത് പ്രചരിപ്പിച്ച് ജനാധിപത്യം കശാപ്പ് ചെയ്യാനാണ് സംഘപരിവാർ ആസൂത്രിതനീക്കം നടത്തുന്നത്.
ഇതിന്റെ ഭാഗമായാണ് കള്ളക്കേസുകൾ ഉണ്ടാക്കുകയും ഹിന്ദു ആഘോഷങ്ങൾ നടത്താൻ അനുവദിക്കുന്നില്ലെന്നും ഇവർ പ്രചരിപ്പിക്കുന്നത്. ഗണേശോത്സവത്തിന് ആളെ കൊല്ലാനുള്ള ആഹ്വാനമാണ് ഇവർ നടത്തിയത്. ആർഎസ്എസ് ഭീകരന്മാരെ പോലെ കാവി കൊടികൊണ്ട് മുഖം മറച്ച് മുദ്രാവാക്യം വിളിച്ച് ആക്രോശിക്കുന്നത്. വിശ്വാസികളെ തെരുവിലിറക്കിയും ആളെ വെട്ടിക്കൊല്ലാൻ ആഹ്വാനം ചെയ്യുന്നതിനും എതിരേയാണ് സിപിഎം പ്രതിരോധം തീർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.