കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും.
ഇന്റലിജൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്.
ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പോലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും.
വീട്ടിൽ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദേശമുണ്ടായിരുന്നുവെങ്കിലും അതു വേണ്ടെന്ന് ജയരാജൻ അറിയിച്ചതായാണു വിവരം.
പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനുശേഷം ജയരാജനെതിരേ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ ഏർപ്പെടുത്തിയത്.
ജയരാജന്റെ പേരെടുത്തു പറഞ്ഞ് ലീഗ് പ്രവർത്തകർ മലബാറിലെ പല ജില്ലകളിലും പ്രകടനം നടത്തിയിരുന്നു.