കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ അപായപ്പെടുത്താൻ സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്. ഇതനുസരിച്ച് ജയരാജന്റെ സുരക്ഷ പോലീസ് വർധിപ്പിച്ചു. ജയരാജനെ ആക്രമിക്കാനായി ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
കതിരൂരിലെ മനോജിന്റെയും ധർമടത്തെ രമിത്തിന്റെയും കൊലപാതകത്തിന് പകരം ചെയ്യാനാണ് ജയരാജനുനേരേയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും പോലീസിന്റെ മുന്നറിയിപ്പ് സന്ദേശത്തിലുണ്ട്. ഇതേരീതിയിലുള്ള ഭീഷണി മുന്നറിയിപ്പ് നേരത്തേയും രഹസ്യാന്വേഷണ വിഭാഗം നൽകിയിട്ടുണ്ട്.