നിര്‍മാതാവ് സമീര്‍താഹിറിനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം ഒരിക്കലും മറക്കാന്‍ പറ്റാത്തത്…സുഡുമോന്റെ ആരോപണത്തില്‍ എഴുത്തുകാരന്‍ ജിഷാര്‍ പറയുന്നതിങ്ങനെ…

കോട്ടയം: കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ അണിയറക്കാരില്‍ നിന്നും വംശീയ വിവേചനം നേരിട്ടുവെന്ന ആരോപണവുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്തെത്തിയത്. എന്നാല്‍ സുഡുമോന്റെ ആരോപണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ പി. ജിംഷാര്‍ രംഗത്തെത്തി.

റോബിന്‍സന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കരുതുന്നില്ലെന്നാണ് ജിംഷാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. സംവിധായകനും കാമറാമാനും സുഡാനി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ സമീര്‍ താഹിറിന്റെ അടുത്ത് മൂന്ന് വര്‍ഷം മുന്‍പ് കഥ പറയാന്‍ പോയ അനുഭവം വിവരിച്ചുകൊണ്ടാണ് ജിംഷാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

താന്‍ പറഞ്ഞ കഥ കേട്ട് നടക്കുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും പറഞ്ഞ കഥ കേട്ട് തിരക്കഥയുടെ വണ്‍ ലൈന്‍ തയ്യാറാക്കാന്‍ അദ്ദേഹം പോക്കറ്റില്‍ നിന്ന് മൂവായിരം രൂപ എടുത്തു തന്നുവെന്ന് ജിംഷാര്‍ പറഞ്ഞു. ചെയ്ത ജോലിക്ക് പോലും പ്രതിഫലം കിട്ടാത്ത സിനിമാ ലോകത്ത് നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത പ്രോജക്ടിന്റെ പേരില്‍ പണം നല്‍കിയ സമീര്‍ താഹിറും ഷൈജു ഖാലിദും നീതികേട് കാണിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നതായും ജിംഷാര്‍ കൂട്ടിച്ചേര്‍ത്തു.

പി. ജിംഷാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സാമുവലിന്റെ പ്രതിഫലത്തര്‍ക്കത്തെ കുറിച്ചുള്ള പോസ്റ്റ് വായിക്കാന്‍ ഇടയായി. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും ഇത്തരത്തിലൊരു മോശം അനുഭവം ഉണ്ടാകില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. സംവിധായകനും ക്യാമറാമാനും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായ സമീര്‍ താഹിറിന്റെ അടുത്ത് മൂന്ന് വര്‍ഷം മുമ്പ് ഞാനൊരു കഥ പറയാന്‍ പോയിരുന്നു.

സുഹൃത്ത് ഫാസില്‍ വഴി, മാധ്യമപ്രവര്‍ത്തകന്‍ മനീഷ് നാരായണനാണ് സമീര്‍ താഹിറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഏകദേശം രൂപരേഖയുണ്ടായിരുന്ന, അന്ന്… എഴുതി തുടങ്ങിയിട്ടില്ലാത്ത ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവലിന്റെ കഥയാണ് അദ്ദേഹത്തോട് പറഞത് *(Dc books പുറത്തിറക്കാനിരിക്കുന്ന നോവല്‍).

നടക്കുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നിട്ടും പറഞ കഥകേട്ട്, തിരക്കഥയുടെ പ്രാക് രൂപമായ വണ്‍ലൈന്‍ തയ്യാറാക്കാനായി സ്വന്തം പോക്കറ്റില്‍ നിന്നും അദ്ദേഹം 3000രൂപ എടുത്ത് തരികയുണ്ടായി. ആ മൂലധനത്തിന്റെ പിന്‍ബലത്തില് ‘കേള്‍ക്കപ്പെടാത്തവര്‍ – വടക്കേക്കാട് ഗവണ്‍മെന്റ് കേളേജ് മാഗസിന്‍ 2014-15’ എന്ന തിരക്കഥയും ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവലും എഴുതാന്‍ കഴിഞു. തിരക്കഥയില്‍ സമീര്‍ താഹിര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ അന്ന് കഴിയാതെ വന്നതിനാല്‍, സിനിമ നടക്കാതെ പോവുകയായിരുന്നു.

അന്ന്, അദ്ദേഹത്തിന് വേണ്ടിയെഴുതിയ തിരക്കഥയില്‍ നിന്നാണ്, രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവല്‍ സാധ്യമാക്കിയത്. കഥ പറയാനെത്തുന്ന നവാഗതര്‍ക്ക് പറയാന്‍ ഏറെ മോശം അനുഭവങ്ങളുള്ള സിനിമാലോകത്ത് ചെയ്ത ജോലികള്‍ക്ക് പോലും കൃത്യമായി കൂലി കിട്ടാത്ത ഇടത്തിലാണ്, നടക്കുമെന്ന് ഒരു ഉറപ്പുമില്ലാത്തൊരു സിനിമയ്ക്ക് വേണ്ടി, യാഥൊരു മുന്‍പരിചയവും ഇല്ലാത്തൊരാള്‍ക്കായി, സമീര്‍ താഹിര്‍ 3000രൂപ നല്‍കുന്നത്.

ഈയൊരു അനുഭവം ഉള്ളതിനാല്‍, സാമുവലിന്റെ കാര്യത്തില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും നീതികേട് കാണിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.

Nb ; സിനിമയിലെ പ്രതിഫലം താരമൂല്യത്തിന് അനുസരിച്ചാണ്.
*Dc books പ്രസിദ്ധീകരിക്കാനിരിക്കുന്ന, എഡിറ്റിംഗ് നടക്കുന്ന ആകാശം എന്ന നോവല്‍ അതിന്റെ പിറവിയ്ക്ക് കാരണക്കാരനായ സമീര്‍ താഹിറിന് സമര്‍പ്പിക്കുന്നു.

 

Related posts