കൂടെ നിന്നാല്‍ കൊള്ളാം ! എങ്ങാനും കാലുവാരാനാണ് ഉദ്ദേശമെങ്കില്‍ തീര്‍ത്തു കളയും… മുസ്ലീംലീഗില്‍ നിന്നു സിപിഎമ്മിലോട്ടു വന്നവരോടു നയം വ്യക്തമാക്കി പി കെ ശശി…

മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോട് പാലക്കാട്ടെ വിവാദ നായകന്‍ പി കെ ശശി നടത്തിയ പ്രസ്താവന വിവാദമാകുന്നു. പാലക്കാട് കരിമ്പുഴയില്‍ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് വന്നവരോട് പറഞ്ഞ വാക്കുകളാണ് വിവാദമായത്.

പാര്‍ട്ടിയെ വിശ്വസിച്ചാല്‍ പൂര്‍ണ്ണമായ സംരക്ഷണം നല്‍കുമെന്നും ചതിച്ചാല്‍ വെറുതെ വിടില്ലെന്നുമായിരുന്നു ശശിയുടെ വാക്കുകള്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

പുതിയതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കായി നടത്തിയ യോഗത്തിലാണ് ശശി ഇക്കാര്യം പറയുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാതെയാണ് യോഗം നടന്നതെന്നും ആരോപണമുണ്ട്.

നേരത്തേ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിന്‍മേല്‍ ആറുമാസം പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടയാളാണ് പികെ ശശി.

അന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ശശിയുടെ പ്രാഥമികാംഗത്വം തന്നെ അന്ന് റദ്ദാക്കിയിരുന്നു.

മന്ത്രി എ കെ ബാലനും പി കെ ശ്രീമതിയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേലായിരുന്നു അന്ന് സംസ്ഥാന നേതൃത്വം തീരുമാനം എടുത്തത്.

എന്നാല്‍ ആറുമാസത്തിനു ശേഷം ശശി തിരിച്ചു വന്നു. 2018 നവംബര്‍ 26 നായിരുന്നു ശശിയെ പാര്‍ട്ടി സസ്പെന്റ് ചെയ്തത്.

ശശിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന് ശക്തമായ വിമര്‍ശനമാണ് അന്ന് സിപിഎം നേരിട്ടത്. വിഎസ് അച്യൂതാനന്ദനെ പോലെ മുതിര്‍ന്ന നേതാക്കള്‍ കൂടി നടപടി ആവശ്യപ്പെട്ടിരുന്നു.

സസ്പെന്‍ഷന്‍ നേരിട്ട കാലയളവില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്നീട് തിരിച്ചെടുത്തത്.

കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജില്ലാക്കമ്മറ്റി യോഗത്തിന്റെ വിലയിരുത്തലായിരുന്നു ഉണ്ടായത്. എന്തായാലും പി കെ ശശിയുടെ പ്രസ്താവന പാര്‍ട്ടിയുടെ നയമാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.

Related posts

Leave a Comment