കണ്ണൂർ: പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പാർട്ടിയിൽ ഒറ്റപ്പെടുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥരെ സ്പെൻഡ് ചെയ്തുവെങ്കിലും നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്ക് പാർട്ടിക്കകത്തുനിന്ന് ശക്തമായ വിമർശനമുയർന്നിട്ടുണ്ട്.
പാർട്ടി അനുഭാവികൂടിയായ കണ്ണൂർ കൊറ്റാളി സ്വദേശി പാറയിൽ സാജന്റെ മരണം സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് മുനിസിപ്പൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, രണ്ട് ഓവർസിയർമാർ എന്നിവരെ സസ്പെൻഡ് ചെയത് പ്രശ്നത്തിന് താത്കാലിക വിരാമമിടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സാജന്റെ ബന്ധുക്കൾ നഗരസഭാധ്യക്ഷയ്ക്ക് എതിരെ പരസ്യവിമർശനമുന്നയിച്ചത് പാർട്ടി ഗൗരവത്തോടെയെടുത്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
പൊതുജനങ്ങളും നഗരസഭാ അധ്യക്ഷയുടെ നിലപാടിനെതിരെ വിമർശനവുമായി രംഗത്ത് വന്നത് പാർട്ടിക്ക് തത്വത്തിൽ ക്ഷീണമായിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കിയതുകൊണ്ട് മാത്രം പാർട്ടിക്ക് പ്രശ്നത്തിൽ നിന്നും തലയൂരാൻ സാധിക്കില്ലെന്ന ചിന്ത പാർട്ടി നേതൃത്വത്തിനുണ്ട്.
അതിനാൽ വരും ദിവസങ്ങളിൽ പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ വിഷയം ചർച്ചയ്ക്ക് വരുമെന്നതിനാൽ കൃത്യമായ നിലപാട് നേതൃത്വത്തിന് സ്വീകരിക്കേണ്ടി വരുമെന്നുറപ്പ്. പി.കെ. ശ്യാമളയെ നഗരസഭാ അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യമാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നത്. ഇക്കാര്യവും നേതൃത്വം ഗൗരവമായി കാണുന്നുണ്ട്.
സാജന്റെ കെട്ടിടത്തിന് ലൈസൻസ് വൈകാൻ കാരണമായത് കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത കൊണ്ടാണെന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്. മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ വ്യവസായിക്ക് അനുകൂല നിലപാടെടുത്തപ്പോൾ മറ്റൊരു വിഭാഗം ലൈസൻസ് വൈകിപ്പിക്കാൻ മനപൂർവം ശ്രമം നടത്തിയതായാണ് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നത്.
പി.കെ. ശ്യാമള സ്വീകരിച്ച നിലപാടിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡയയിലും വലിയ വിമർശനമാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ പ്രശ്നത്തിൽ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഇനി സിപിഎമ്മിന് രക്ഷയില്ല എന്നതാണ് അവസ്ഥ.