പണത്തോടും സമ്പത്തിനോടുമുള്ള ആര്‍ത്തി ഒഴിയാത്തവര്‍ അറിഞ്ഞിരിക്കണം, ഈ മനുഷ്യനെ! കോടികളുടെ തമ്പുരാന്‍ പി കല്ല്യാണ സുന്ദരം ഇന്ത്യയുടെ മാതൃകാ പുരുഷനാവുന്നതിങ്ങനെ

പണത്തോടുള്ള ആര്‍ത്തി ഒരു കാലത്തും, എത്ര സമ്പാദിച്ച് കൂട്ടിയാലും തീരാത്ത ആളുകളുണ്ട്. അവര്‍ക്ക് സഹജീവി സ്‌നേഹമോ സഹജീവികളോടുള്ള പരിഗണനയോ വിഷയമല്ല. അത്തരക്കാരായ ആളുകള്‍ മനസിലാക്കേണ്ട ഒരു വ്യക്തിയുണ്ട്.

ഇങ്ങനേയും ആളുകള്‍ ലോകത്ത് ജീവിക്കുന്നുണ്ട്. ജീവിതത്തിലെ സ്വന്തം സമ്പാദ്യം മുഴുവന്‍ പാവങ്ങള്‍ക്കുവേണ്ടി ചെലവിട്ട ലോകത്തിലെ ആദ്യത്തെ കോടീശ്വരന്‍ പി കല്ല്യാണ സുന്ദരം.

കോടികളുടെ തമ്പുരാന്‍ പി കല്ല്യാണ സുന്ദരം എന്ന ഇന്ത്യയുടെ ‘മാതൃകാ പുരുഷനെ’ അറിയാന്‍ പലരും വൈകി. സുന്ദരം മാധ്യമങ്ങളില്‍ നിന്നും ഒരകലം പാലിച്ചിരുന്നു എന്നതാണ് സത്യം. ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികള്‍ ലോകത്ത് കൊട്ടിഘോഷിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് കാരണം.

മുപ്പത്തില്‍പരം വര്‍ഷമായി ഇദ്ദേഹം തനിക്കു കിട്ടുന്ന വരുമാനം അല്പം പോലും ലാഭേച്ഛയില്ലാതെ പാവപ്പെട്ടവര്‍ക്കു പകുത്തു കൊടുക്കുകയാണ്.

തമിഴ്നാട്ടിലെ മേലാകരിവേലംകുളം എന്ന സ്ഥലത്താണ് കല്യാണ സുന്ദരം ജനിച്ചത്. ഒരു വയസുള്ളപ്പോള്‍ പിതാവു മരിച്ചു. പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് അമ്മ അദ്ദേഹത്തെ വളര്‍ത്തിയത്. അതുകൊണ്ടു തന്നെ സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കു വേണ്ടി എന്നും നിലകൊള്ളണമെന്ന് അമ്മ അദ്ദേഹത്തെ പഠിപ്പിച്ചു.

പത്തു രൂപ കിട്ടിയാല്‍ അതിലൊന്നു പാവങ്ങള്‍ക്കായി നല്‍കണമെന്നും സന്തുഷ്ടരായിരിക്കാന്‍ അത്യാഗ്രഹത്തെ ദൂരെക്കളയണമെന്നും അമ്മ പഠിപ്പിച്ചു.

ലൈബ്രറി സയന്‍സില്‍ ഗോള്‍ഡ് മെഡലിസ്റ്റും സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ സുന്ദരം ലൈബ്രററിയില്‍ ലൈബ്രേറിയനായി ജോലിക്കു കയറി. ലൈബ്രേറിയനായി ജോലി ചെയ്തു കിട്ടിയ ശമ്പളവും ശേഷം വിരമിച്ചപ്പോള്‍ ലഭിച്ച പത്തുലക്ഷം രൂപയും.

കിട്ടുന്നതില്‍ പാതി സഹായങ്ങളായി നല്‍കുക എന്നതല്ല കിട്ടുന്നതു മുഴുവനായി ദരിദ്രര്‍ക്കു വീതിച്ചു നല്‍കിയ സുന്ദരം സ്വന്തം ചെലവിനായി പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തു. സാമൂഹിക സേവനത്തിനു കല്ല്യാണം കഴിക്കുന്നതു തടസ്സമാകുമെന്നു കരുതി ഇദ്ദേഹം കല്ല്യാണവും കഴിച്ചില്ല.

സുന്ദരത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ തന്റെ അച്ഛനായി ദത്തെടുത്തിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സുന്ദരത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍വരെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹമായിട്ടുണ്ട്.

ഐക്യരാഷ്ട്രസംഘടനയുടെ 20-ാം നൂറ്റാണ്ടിലെ വിശിഷ്ടവ്യക്തികളിലൊരാള്‍ എന്ന പ്രശംസ ലഭിച്ച സുന്ദരത്തിന് അമേരിക്കന്‍ ഗവണ്‍മെന്റ് ‘മാന്‍ ഓഫ് ദ മില്ലേനിയം’ എന്ന ബഹുമതിയും കേംബ്രിഡ്ജിലെ ദി ഇന്റര്‍നാഷണല്‍ ബയോഗ്രഫിക്കല്‍ സെന്റര്‍ ലോകകുലീനരിലെ ഒരാള്‍ എന്ന ബഹുമതിയും നല്‍കി ആദരിച്ചിട്ടുണ്ട്. അവാര്‍ഡു വഴി ലഭിച്ച മുപ്പതു കോടിയോളം രൂപയും ഇദ്ദേഹം പാവപ്പെട്ടവര്‍ക്കു ദാനം നല്‍കി.

Related posts