തീക്കോയി: വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡിൽ കാരികാട് ടോപ്പിൽ നിർമാണമാരംഭിച്ച വെയ്റ്റിംഗ് ഷെഡ് കം വാച്ച് ടവർ അപകടഭീഷണിയായി മാറുന്നു. നിർമാണം പാതിവഴിയിൽ നിലച്ച കെട്ടിടത്തിൽ ഇതുവഴിയെത്തുന്ന സന്ദർശകർ പ്രവേശിക്കുന്നതാണ് അപകടഭീഷണിയായി മാറുന്നത്. അഗാധമായ കൊക്കയുള്ള ഇവിടെ യാത്രക്കാർ സെൽഫി സ്പോട്ടാക്കിയതാണ് അപകടസാധ്യതയൊരുക്കുന്നത്.
പാതിപൂർത്തിയായ കെട്ടിടത്തിൽ ദ്രവിച്ചുതുടങ്ങിയ കന്പുകൾകൊണ്ടു വേലി തീർത്തതാണ് ഏകസുരക്ഷ. കഴിഞ്ഞ ദിവസം സെൽഫിയെടുത്ത വിനോദസഞ്ചാരി ഭാഗ്യത്തിനാണ് താഴേക്ക് പതിക്കാതിരുന്നത്. സുരക്ഷാവേലി തീർത്ത കന്പ് ഒടിഞ്ഞെങ്കിലും യാത്രക്കാരൻ താഴെ വീണില്ല. കാലൊന്ന് തെറ്റിയാൽ പതിക്കുന്നത് ആയിരക്കണക്കിന് അടി താഴ്ചയിലേക്കാണ്.
വാഹനം കാത്തുനിൽക്കുന്നതിനൊപ്പം സഞ്ചാരികൾക്കു മികച്ച കാഴ്ചാനുഭവവും ലക്ഷ്യമിട്ടാണ് വാച്ച് ടവർ നിർമാണം തുടങ്ങിയത്. പി.സി. ജോർജ് എംഎൽഎയുടെ ഫണ്ടിൽനിന്നും 50 ലക്ഷം രൂപ അനുവദിച്ചായിരുന്നു നിർമാണം. രണ്ടാംനിലയിൽ കാന്റീനും ടെലിസ്കോപ് അടക്കമുള്ള നിരീക്ഷണസൗകര്യവുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഈരാറ്റുപേട്ടയിൽനിന്നും വാഗമണ്ണിലേക്കുള്ള പാതയിൽ ഏറ്റവും മനോഹരമായ മേഖലയാണ് കാരികാട് ടോപ്പ്. ഒറ്റയീട്ടിയിൽ നിന്നും വാഹനങ്ങൾ കയറ്റംകയറി വരുന്ന ദൃശ്യവും എപ്പോഴും വീശുന്ന കാറ്റും ഈ പ്രദേശത്തെ യാത്രക്കാരുടെ ഇഷ്ടകേന്ദ്രമാക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ഇവിടം വീതി കൂട്ടി നിർമിച്ചതോടെ വാഹനം നിർത്തുന്നവരുടെ എണ്ണവും വർധിച്ചു. സെൽഫി പ്രേമം ഇവിടെ അപകടം സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
യുവാക്കൾ ചാടിയുയർന്നും മറ്റും ഫോട്ടോയെടുക്കുന്നതു വലിയ അപകടത്തിനാണു വഴിവയ്ക്കുക. നിയന്ത്രിക്കാൻ ആളില്ലാത്തതു മൂലം ഈ പ്രവണത തുടർന്നുവരികയാണ്. വാച്ച് ടവറിനു മുകളിൽ ആളുകൾ കയറുന്നതൊഴിവാക്കാനും പണികൾ പൂർത്തീകരിക്കാനും നടപടി വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.