വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത സിപിഎം കൗണ്‍സിലര്‍ പി.എന്‍. ജയന്തന്‍ പാര്‍ട്ടിയില്‍ പ്രമാണിയായത് കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായിരുന്ന ജയന്തന്‍ കുറച്ചുകാലം മുമ്പ് മാത്രമാണ് പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമായത്. കൂടെയെപ്പോഴും ക്രിമിനല്‍ കേസുകളില്‍ പെട്ട ഗുണ്ടാ സംഘവുമായിട്ടാണ് യാത്രകള്‍. എല്ലാം പാര്‍ട്ടിക്കറിയാമായിരുന്നിട്ടും ജയന്തനെ വളര്‍ത്തി വലുതാക്കാനാണ് പാര്‍ട്ടി ശ്രമിച്ചിട്ടുള്ളത്. മന്ത്രി എം.സി. മൊയ്തീന്‍ ഏരിയ സെക്രട്ടറിയായിരുന്ന കാലത്താണ് ജയന്തന്‍ ഡിവൈഎഫ്‌ഐയിലൂടെ പാര്‍ട്ടിയിലെത്തിയതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു.
മുളങ്കുന്നത്തുകാവ് മിണാലൂരില്‍ പാര്‍ട്ടി നേതൃത്വം ജയന്തനാണ്. 15ാം ഡിവിഷന്‍ കൗണ്‍സിലറായിരിക്കെയാണ് പിണറായി വിജയന്റെ നവകേരള മാര്‍ച്ച് എത്തുന്നത്. അന്ന് മാര്‍ച്ച് തൃശൂര്‍ കഴിയുംവരെ ജയന്തന്‍ സ്ഥിരം ജാഥ അംഗമായിരുന്നു. തദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജയന്തനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ടായിരുന്നു. വിമതനായി നിന്നയാളെ അനുനയിപ്പിച്ചത് സിപിഎം നേതൃത്വം ഇടപ്പെട്ടാണ്.
അതേസമയം വീട്ടമ്മ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. തന്നെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രം എടുത്തെന്നും ഈ ചിത്രം കാട്ടിയാണ് പിന്നീട് വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തതെന്നും പരാതിയിലുണ്ട്. തന്നെക്കുറിച്ച് അര്‍ത്ഥംവച്ചു ചിരിച്ച് ഭര്‍ത്താവിനെയും മാനസികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി മുഖ്യമന്ത്രിക്കും വനിത സെല്‍ ഡിവൈഎസ്പിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ പകര്‍പ്പ് ചാനലുകള്‍ പുറത്തുവിടുകയും ചെയ്തു. തന്റെ ഭര്‍ത്താവ് ജയന്തന് പണം കടം കൊടുത്തിരുന്നെന്നും ഇതു തിരിച്ചു ചോദിച്ചതിലുള്ള പ്രതികാരത്തിനാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.