കൂത്തുപറമ്പ്: മമ്പറം പറമ്പായിലെ പി.നിഷാദിനെ ക്വട്ടേഷൻ വാങ്ങി കൊലപ്പെടുത്തിയതാണെന്ന ബംഗളുരു സ്ഫോടന കേസ് പ്രതി സലീമിന്റെ കുറ്റസമ്മത മൊഴിയുണ്ടായിട്ടും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തെളിവെടുപ്പിന്റെ പേരിൽ പ്രതിയുമായി നാടകം കളിക്കുകയാണെന്ന് കർമസമിതി കൺവീനർ എ.അനിൽകുമാർ ആരോപിച്ചു.
കൊലപാതകം സംബന്ധിച്ച മുഴുവൻ വിവരങ്ങളും ബംഗളുരു പോലീസ് നിഷാദിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കേസിലെ കൂട്ടുപ്രതികളെ അറസ്റ്റു ചെയ്യാനോ കുഴിച്ചിട്ട മൃതദേഹം കണ്ടെത്താനോ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല.
പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്യാതെ പ്രതിയോട് മൃദുസമീപനംകാട്ടി കൂട്ടുപ്രതികളെ രക്ഷപെടുത്താനുള്ള ക്രൈംബ്രാഞ്ച് ശ്രമം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തർ സംസ്ഥാന വിദേശബന്ധങ്ങളുള്ള പ്രതികളുൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന നിഷാദ് വധ കേസ് അന്വേഷണം എൻഐഎ പോലുള്ള കേന്ദ്ര ഏജൻസികൾക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.