കൊച്ചി: അഞ്ചുവയസുകാരി അനുഷ്ക കാത്തിരിക്കുകയാണ്, തന്റെ ജീവന് രക്ഷിക്കാന്‍ ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽനിന്നും ഒരാളെത്തും എന്ന വിശ്വാസത്തിൽ. ലോകത്തിലെ തന്നെ അത്യപൂര്‍വ ഗ്രൂപ്പായ പി നള്‍ രക്തമാണ് അനുഷ്കയുടെ സിരകളിലൂടെ ഓടുന്നത്. കെട്ടിടത്തിൽനിന്നും വീണ് പരിക്കേറ്റതിനെ തുടർന്നുള്ള ചികിത്സക്കായാണ് അനുഷ്ക എറണാകുളം അമൃത ആശുപത്രിയില്‍ എത്തിയത്.
ചികിത്സയില്‍ കഴിയുന്ന അനുഷ്കയ്ക്കായി പി നള്‍ ഫെനോടൈപ്പ് അല്ലെങ്കില്‍ പിപി എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പുകാര്‍ക്കായി ആശുപത്രി അധികൃതരും, രക്തദാതാക്കളുടെ കൂട്ടായ്മകളും ലോകമെങ്ങും അന്വേഷണത്തിലാണ്. ഇതിനായി ലോകമെങ്ങും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സന്ദേശമയച്ച് കാത്തിരിക്കുകയാണിവര്‍. മലപ്പുറം സ്വദേശിയും ഗുജറാത്തില്‍ സ്ഥിരതാമസക്കാരനുമായ സന്തോഷിന്റെ മകളാണ് അനുഷ്ക.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നും വീണ് അനുഷ്കയുടെ തലയ്ക്ക് ഗുരുതരപരിക്കേറ്റത്. രക്തസ്രാവത്തോടെ ഗുജറാത്തിലെ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും മുറിവില്‍ അണുബാധയുണ്ടായതോടെ അമൃത ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ശസ്ത്രക്രിയ നടത്താനൊരുങ്ങിയപ്പോഴാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ മുന്നിലെ വെല്ലുവിളി തിരിച്ചറിഞ്ഞത്. എ പോസിറ്റീവ് രക്തഗ്രൂപ്പില്‍ പി ആന്റിജന്‍ ഇല്ലാത്ത പി നള്‍ എന്ന അത്യപൂര്‍വ രക്തമാണ് അനുഷ്കയ്ക്കെന്നു കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഈ രക്തഗ്രൂപ്പുള്ള ആളുകള്‍ക്കായി അന്വേഷണം ആരംഭിച്ചത്.
എന്നാല്‍ രക്തം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് വ്യക്തമായതിനാലും കുട്ടിയുടെ പ്രായവും മുറിവിന്റെ സ്ഥാനവും വെല്ലുവിളിയാകുമെന്നാലും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ ശസ്ത്രക്രിയകള്‍ നടത്തി. അനുഷ്കയുടെ തന്നെ രക്തം ശേഖരിച്ച ശേഷം ശസ്ത്രക്രിയക്കായി ഉപയോഗിക്കുകയായിരുന്നു.
എന്നാല്‍ ഇനിയുള്ള പ്രധാന ശസ്ത്രക്രിയക്ക് പി നള്‍ രക്തം തന്നെ വേണം. ഇതാണിപ്പോള്‍ ഡോക്ടര്‍മാരുടെയും കുട്ടിയുടെ രക്ഷിതാക്കളുടെയും മുമ്പില്‍ വെല്ലുവിളിയായി നില്‍ക്കുന്നത്. വലിയ ശസ്ത്രക്രിയകള്‍ക്ക് ഒരു യൂണിറ്റ് രക്തമെങ്കിലും ശേഖരിച്ചുവയ്ക്കണമെന്നാണ് പ്രോട്ടോക്കോള്‍.
ചെറിയ കുട്ടിയായതിനാലും ബ്ലഡ് കൗണ്ട് കുറവായതിനാലും ഇത്രയധികം രക്തം അനുഷ്കയുടെ ശരീരത്തില്‍നിന്നും ശേഖരിച്ചുവയ്ക്കാനാവില്ല. ഇന്ത്യയില്‍ അനുഷ്കയെ കൂടാതെ മറ്റൊരാള്‍ കൂടി മാത്രമേ പി നള്‍ രക്തഗ്രൂപ്പുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 2018 ല്‍ മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സ തേടിയയാള്ക്കാണ് ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്.
ഇയാളെ ബന്ധപ്പെട്ടുവെങ്കിലും എബിഒ ചേരാത്തതിനാല്‍ രക്തം നല്‍കാനായില്ല. ഇതുകൂടാതെ കുട്ടിയുടെ ബന്ധുക്കളില്‍ തന്നെ ഇതേ ഗ്രൂപ്പുകാരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വിദേശത്ത് നിരവധി ബ്ലഡ് ബാങ്കുകളില്‍ രക്തം ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
അവരുമായി ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി അനുഷ്ക അമൃത ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അനുഷ്കയുടെ ജീവന് രക്ഷിക്കാന്‍ പി നള്‍ ഗ്രൂപ്പ് രക്തം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.
പി നള്‍ രക്തഗ്രൂപ്പ്
പിപി അഥവാ പി നള്‍ ഫെനോടൈപ്പ് എന്ന് അറിയപ്പെടുന്ന ഈരക്തഗ്രൂപ്പ് 2018ലാണ് ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിക്കുന്നത്. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ഡോ. ഷമീ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അപൂര്‍വ രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞത്. രക്തത്തിലെ ആന്റിജനുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അപൂര്‍വ രക്തഗ്രൂപ്പിന് കാരണമാവുന്നത്.
കസ്തൂര്‍ബാ ഹോസ്പിറ്റലിലെ രക്തബാങ്കില്‍ അടിയന്തരമായി രക്തം ആവശ്യമുള്ള ഒരു രോഗിയുടെ രക്തസാമ്പിള്‍ ലഭിച്ചിരുന്നു. നിരവധി പരിശോധനകൾ നടത്തിയെങ്കിലും രക്തഗ്രൂപ്പ് ഏതെന്ന് കൃത്യമായ നിശ്ചയിക്കാനായില്ല.
തുടര്‍ന്നു ഈ സാമ്പിള്‍ യുകെയിലുള്ള ഇന്റര്‍നാഷണല്‍ ബ്ലെഡ് ഗ്രൂപ്പ് റെഫറന്‍സ് ലാബോറട്ടറിയിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പിപി ഫെനോടൈപ്പ് രക്തഗ്രൂപ്പാണെന്നു സ്ഥിരീകരിച്ചത്.
ആയിരത്തില്‍ ഒരാള്‍ക്കു മാത്രം കാണപ്പെടുന്ന രക്തഗ്രൂപ്പുകള്‍ അപൂര്‍വ ഗ്രൂപ്പുകളായാണ് കണക്കാക്കുന്നത്. പി നള്‍ രക്തത്തില്‍ PP1PK ആന്റിബോഡിയാണ് ഉണ്ടായിരിക്കുക. പലപ്പോഴും അനുയോജ്യ രക്തം ലഭിക്കാത്ത സാഹചര്യമായിരിക്കും ഇത്തരം രക്ത ഗ്രൂപ്പ് ഉള്ളവർക്ക് ഉണ്ടാകുക.
അതുകൊണ്ടു തന്നെ മരുന്നുകള്‍ വഴി ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്തി രക്തനഷ്ടം പരമാവധി കുറച്ച് രോഗിക്ക് ശസ്ത്രക്രിയ നടത്തുകയാണ് ചെയ്യുന്നത്. പക്ഷേ രക്തനഷ്ടം കൂടുതല്‍ ഉണ്ടാകുന്നതും സങ്കീര്‍ണവുമായ ശത്രക്രിയകള്‍ ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയില്ല അതിന് ഇതേ രക്തഗ്രൂപ്പ് ഉള്ളവരെ കണ്ടെത്തുകയാണ് ഉള്ള ഏക പോംവഴി.