തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ കൃഷി മന്ത്രി പി. പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ജയസൂര്യ അസത്യങ്ങൾ പറഞ്ഞത് ബോധപൂർവമാണെന്നും അദ്ദേഹം ആരോപിച്ചു.
ജയസൂര്യയുടെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കര്ഷകര്ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന് നടന് ജയസൂര്യ പൊതുവേദിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ പരാമര്ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പി.പ്രസാദ്. ജയസൂര്യയുടെ പരാമർശം തെറ്റിദ്ധാരണയില് നിന്നും ഉണ്ടായതാണെന്ന് സിവില് സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്.അനിൽ ഇന്നലെ പറഞ്ഞിരുന്നു.
എറണാകുളത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിമാരായ പി. പ്രസാദിന്റെയും പി.രാജീവിന്റെയും സാന്നിധ്യത്തിൽ കർഷകർക്ക് കിട്ടാനുള്ള പണം സർക്കാർ കൊടുക്കുന്നില്ലെന്നും തിരുവോണനാളുകളിൽ പോലും കർഷകർ പട്ടിണിയിലാണെന്നും പണം ലഭിക്കാൻ സമരം നടത്തേണ്ട അവസ്ഥയാണെന്നും ജയസൂര്യ തുറന്നടിച്ചത്.
കൃഷ്ണപ്രസാദ് നെൽകൃഷി നടത്തി സർക്കാരിന് നൽകിയ നെല്ലിന്റെ പണം നൽകിയില്ലെന്നും നിരവധി കർഷകർ ഇത്തരത്തിൽ പണം കിട്ടാതെ വലയുന്നുവെന്നും ജയസൂര്യ ചൂണ്ടിക്കാട്ടിയിരുന്നു.
യുവാക്കൾ കാർഷിക വൃത്തിയിലേക്ക് ഇറങ്ങുന്നില്ലെന്ന മന്ത്രിയുടെ ആരോപണത്തെയും ജയസൂര്യ വിമർശിച്ചു. കൃഷി ചെയ്ത് സർക്കാരിന് നൽകിയ കാർഷിക വിളകളുടെ പണം കിട്ടാനായി പട്ടിണി സമരം നടത്തേണ്ട അവസ്ഥ കാണുന്ന യുവാക്കൾ എങ്ങനെ കാർഷിക വൃത്തിയിലേക്ക് ഇറങ്ങുമെന്നും ജയസൂര്യ ചോദിച്ചിരുന്നു. ജയസൂര്യയുടെ ചോദ്യങ്ങൾക്കെതിരെ സൈബർ സഖാക്കൾ രൂക്ഷമായി രംഗത്ത് വന്നിരുന്നു.