പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കന്പനി പ്രഖ്യാപിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നു പേരിട്ടിരിക്കുന്ന കന്പനിയിൽ അദ്ദേഹത്തിനൊപ്പം ഭാര്യ സുപ്രിയയും പങ്കാളിയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ പുതിയ സംരംഭത്തെപ്പറ്റി അറിയിച്ചത്.
കഴിഞ്ഞ ഒരു വർഷമായി സുപ്രിയയും ഞാനും ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തിലായിരുന്നു എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ കുറിപ്പിൽ പ്രേക്ഷകരിലുണ്ടായേക്കാവുന്ന ഒരുപിടി ചോദ്യങ്ങൾക്കുള്ള ഉത്തരവും തുടർന്നുണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് സിനിമാസ് എന്ന നിർമാണ കന്പനിയിൽ മുന്പ് പൃഥ്വിരാജ് പങ്കാളിയായിരുന്നു. ഒാഗസ്റ്റ് സിനിമാസിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഷാജി നടേശൻ, സന്തോഷ് ശിവൻ എന്നിവർക്കും നന്ദി അറിയിച്ചാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.